പശ്ചാത്തലസൗകര്യം ഒരുക്കി സംരംഭകര്‍ക്കും വ്യവസായികള്‍ക്കും അവസരം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. കേരളത്തിലെ വ്യവസായ അന്തരീക്ഷം സമൃദ്ധമാക്കുന്നത് സംബന്ധിച്ച് കെ.എഫ്.സി കോണ്‍ക്ലേവിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവന, ഉത്പാദന മേഖലകളില്‍ സംരംഭകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന കേന്ദ്രമായി കേരളം മാറുകയാണ്. തൊഴിലാളി സംഘടനകളും ഇപ്പോള്‍ യാഥാര്‍ഥ്യബോധത്തോടെയാണ് പെരുമാറുന്നത്. സംരംഭങ്ങള്‍ തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനുംഅനുമതി ലഭ്യമാകുന്നതിനുമാണ് ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട് കൊണ്ടുവന്നത്. പശ്ചാത്തലസൗകര്യവും ഭൂമിയുടെ ലഭ്യതയും ഉറപ്പാക്കാന്‍ വിവിധമേഖലകളില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയതിന്റെയും കെ.എഫ്.സി വഴി വായ്പ ലഭ്യമാക്കിയതിന്റെയും വിജയകഥകളും നിര്‍ദേശങ്ങളും വിവിധ മേഖലകളില്‍നിന്നുള്ള സംരംഭകരും മേഖലയിലെ വിദഗ്ധരും പങ്കുവെച്ചു. വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, കെ.എഫ്.സി സി.എം.ഡി സഞ്ജീവ് കൗശിക്, റിയാബ് ചെയര്‍മാന്‍ ഡോ.എം.പി. സുകുമാരന്‍ നായര്‍, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് ദാമോദര്‍ അവനൂര്‍, സി.ഐ.എ ചെയര്‍മാന്‍ ഡോ.എസ്. സജികുമാര്‍,എര്‍ത്ത്ഗ്രൂപ്പ് സി.ജി.എച്ച് ജോസ് ഡൊമിനിക്, വെസ്‌റ്റേണ്‍ ഇന്ത്യ പ്ലൈവുഡില്‍നിന്നുള്ള പി.കെ. മായന്‍ മുഹമ്മദ്, സില്‍ക്ക് റൂട്ട് എസ്‌കേപ്പ്‌സിലെ മനീഷ പണിക്കര്‍, സെന്റ് മേരീസ് റബ്ബേഴ്‌സില്‍ നിന്ന് സണ്ണി ജേക്കബ് എന്നിവര്‍ സംബന്ധിച്ചു. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചര്‍ച്ച ക്രോഡീകരിച്ചു. മാധ്യമപ്രവര്‍ത്തകനായ ജോ എ. സ്‌കറിയ മോഡറേറ്ററായിരുന്നു.