പാലക്കാട്: ജില്ലയിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, കരകൗശല ഉൽപാദകർ, പരമ്പരാഗത തൊഴിലാളികൾ, കലാകാരൻമാർ തുടങ്ങിയവർക്കായി ശില്പശാല സംഘടിപ്പിച്ചു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷനാണ് ‘ഉത്തരവാദിത്ത ടൂറിസം-ഏകദിന അവബോധ ശില്പശാല സംഘടിപ്പിച്ചത്.
നിലവിൽ സംസ്ഥാനത്ത് പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലൊഴിക്കെ ഉത്തരവാദിത്ത ട്രൂറിസം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മറ്റു സ്ഥലങ്ങളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ടൂറിസം ഗ്രാമസഭകൾ സംഘടിപ്പിച്ച് പദ്ധതി തയ്യാറാക്കും. പ്രദേശത്തെ ഉത്സവങ്ങൾ, ആരാധനാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, പരമ്പരാഗത തൊഴിലുകൾ, തുടങ്ങിയവയുടെ പട്ടിക തയ്യാറാക്കും. ഉത്തരവാദിത്ത ടൂറിസത്തിന് ആവശ്യമായ പരിശീലനം സൗജന്യമായി നൽകി ഓരോ മേഖലകളേയും സജ്ജമാക്കും. കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും വരുമാനം ലഭിക്കുന്ന പദ്ധതിയാണെങ്കിൽ അതിനെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമാക്കും. ഇതിന്റെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് വൈദ്യുതി സബ്‌സിഡിയും നൽകും.
ലോകത്തിന്റെ ടൂറിസം സങ്കൽപങ്ങൾക്ക് മാറ്റം വന്നെന്നും ഇത് എക്‌സ്പീരിയൻസ്ഡ് ടൂറിസത്തിന്റെ കാലമാണെന്നും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോഡിനേറ്റർ കെ.രൂപേഷ്‌കുമാർ പറഞ്ഞു. ലോകത്തിലെ 68 ശതമാനം വിനോദസഞ്ചാരികളും എക്‌സ്പീരിയൻസ്ഡ് ടൂറിസം നടത്തുന്നവരാണ്. ടൂറിസം രംഗത്ത് വലിയ സാധ്യതകളാണ് ഇതു തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാരമേഖലയുടെ ഗുണങ്ങൾ സാധാരണകാർക്ക് ലഭ്യമാക്കി പരിസ്ഥിതി സംരക്ഷണം, പാരമ്പര്യ തൊഴിൽ, കല എന്നിവയുടെ സംരക്ഷണം, ദാരിദ്ര്യലഘൂകരണം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ. നമ്മുടെ നാട്ടിലെ തനത് കലകൾ, സംസ്‌കാരം, തൊഴിൽ, കൃഷി എന്നിവ ഇതിൽ ഉൾപ്പെടുത്താം. ഇതിനായി പ്രത്യേകം പണം ചെലവഴിക്കേണ്ടതില്ല. കയർ നിർമാണം, കള്ള് ചെത്തൽ, അമ്പെയ്ത്ത്, കുട്ടനിർമാണം, തുടങ്ങിയവ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നത് എക്‌സ്പീരിയൻസ് ടൂറിസത്തിന്റെ ഭാഗമാണ്. ഇതിലൂടെ പരമ്പരാഗത തൊഴിലുകളെ സംരക്ഷിക്കുകയും തൊഴിലാളികൾക്ക് വരുമാനം ഉറപ്പാക്കുകയും ചെയ്യാം. കലാകാരൻമാർക്ക് അവരുടേതായ ഗ്രൂപ്പുകൾ ഉണ്ടാക്കി പരിപാടികൾ അവതരിപ്പിക്കാം. ഇതിന് മുതൽ മുടക്കില്ലെന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിനെ ശ്രദ്ധേയമാക്കുന്നത്.
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ.ആർ.സന്തോഷ്‌ലാൽ, ഡി.ടി.പി.സി.സെക്രട്ടറി കെ.ജി.അജേഷ്, മിഷൻ കോ-ഓർഡിനേറ്റർ ബിജി സേവ്യർ, ഉത്തരവാദിത്ത ടൂറിസം ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.എസ്.കമലാസൻ, എറണാകുളം ജില്ലാ കോഡിനേറ്റർ കെ.അരുൺകുമാർ എന്നിവരും ശില്പശാലയിൽ സംസാരിച്ചു.