Kerala’s Top 50 Policies and Projects-50

ദേവസ്വം വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രങ്ങളിലും വിവിധ ദേവസ്വം ബോർഡുകളിലും സർക്കാർ സ്വീകരിച്ച സുപ്രധാന നയങ്ങളെക്കുറിച്ചും അടിസ്ഥാന വികസന മാതൃകകളെക്കുറിച്ചും ഇന്നത്തെ ലേഖലനത്തിൽ വിശദീകരിക്കാം.

ദേവസ്വം ബോർഡുകളുടെ ചരിത്രത്തിൽ ആദ്യമായി 43 പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആളുകൾ ഉൾപ്പെടെ 294 അബ്രാഹ്മണ ശാന്തിമാരെയാണ് ഈ സർക്കാർ നിയമിച്ചത്. ദേവസ്വം നിയമനങ്ങൾ പി.എസ്.സി മാതൃകയിൽ സുതാര്യമായി നടത്താൻ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ദേവജാലിക എന്ന ഓൺലൈൻ പോർട്ടൽ ദേവസ്വം വകുപ്പ് യാഥാർത്ഥമാക്കി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് നടപ്പാക്കി. ഇതു കൂടാതെ രാജ്യത്ത് ആദ്യമായി മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ദേവസ്വം നിയമനങ്ങളിൽ നടപ്പിലാക്കി. പിന്നാക്ക വിഭാഗങ്ങളുടെ സംവരണ ക്വാട്ട വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്രകാരം ചരിത്രത്തിൽ ഇടം പിടിച്ച നയങ്ങളിലൂടെ ദേവസ്വം ബോർഡിനെ പുതിയ തലത്തിലേക്ക് ഉയർത്താൻ സർക്കാരിന് സാധിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും നിലവിലുള്ള ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും വലിയ മുൻഗണനയാണ് സർക്കാർ നൽകിയത്. ജീർണ്ണാവസ്ഥയിലുള്ള പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഗ്രാന്റുകൾ ഏർപ്പെടുത്തി. ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് തത്വമസി പദ്ധതിയും നടപ്പാക്കി. മലബാർ ദേവസ്വം ബോർഡിന് 202 കോടി രൂപയുടെ ഗ്രാന്റും തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപയുടെയും പ്രത്യേക ധനസാഹായവും സർക്കാർ നൽകി. 2021-22 ലെ ബജറ്റിൽ ദേവസ്വം ബോർഡുകളുടെ വികസനത്തിന് 150 കോടി രൂപയുടെ ധനസഹായമാണ് വകയിരുത്തിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുള്ള വാർഷിക ധനസഹായം 80 ലക്ഷം രൂപയിൽ നിന്ന് എട്ട് കോടിയായും ശ്രീപദ്മനാഭ ക്ഷേത്രത്തിനുള്ള വാർഷിക സഹായം 20 ലക്ഷം രൂപയിൽ നിന്ന രണ്ട് കോടി രൂപയായും വർദ്ധിപ്പിച്ചതും ഈ സർക്കാരിന്റെ കാലയളവിലാണ്.

രാജ്യത്തെ തന്നെ ശ്രദ്ധേയമായ ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനും വലിയ മുൻഗണനയാണ് സർക്കാർ നൽകിയത്. ശബരിമല ഇടത്താവളങ്ങൾക്ക് കിഫ്ബി വഴി 150 കോടി രൂപ അനുവദിച്ചു. ശബരിമലയിൽ 21.55 കോടി രൂപയുടെ അത്യാധുനിക അന്നദാന മണ്ഡപം പൂർത്തിയാക്കി സമർപ്പിച്ചു. 12 കോടി ചെലവിൽ 54 കടമുറികളുള്ള ദർശൻ കോംപ്ലക്‌സ് ഒരുക്കുകയും നാലു കോടി ചെലവിൽ വലിയ നടപ്പന്തൽ നവീകരണവും നടത്തി. തീർത്ഥാടകർക്ക് ആധുനിക ചികിത്സ ലഭ്യമാക്കാൻ 5.5 കോടി രൂപയുടെ ആശുപത്രിയും ശബരിമലയിൽ തുടങ്ങി. കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ എട്ട് കോടി രൂപ ചെലവിൽ 50 ലക്ഷം ലിറ്ററിന്റെ നാല് വാട്ടർ ടാങ്കുകളും സ്ഥാപിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ശബരിമല തീർത്ഥാടകർക്ക് സുഗമമായ തീർത്ഥാടനം ഒരുക്കാൻ സർക്കാരിനായി. ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കി ദേവസ്വം ബോർഡുകളെ ശക്തിപ്പെടുത്തുന്ന നടപടികളാണ് കഴിഞ്ഞ നാലര വർഷം സർക്കാർ സ്വീകരിച്ചത്.

മികച്ച നയങ്ങളും പദ്ധതികളും എന്ന തലക്കെട്ടിൽ 50 ലേഖനങ്ങളുടെ പരമ്പരയിലൂടെ കഴിഞ്ഞ നാലര വർഷം സർക്കാർ നടപ്പാക്കിയ പദ്ധതികൾ ജനങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പി. ആർ.ഡി ഈ ഉദ്യമം ഏറ്റെടുത്തത്. എന്നാൽ 70 ലേറെ വകുപ്പുകളിൽ ഓരോ വകുപ്പുകളും മൂന്നും നാലും ലേഖനങ്ങളിൽ ഒതുങ്ങാത്ത അത്ര നയങ്ങളും പദ്ധതികളുമാണ് നടപ്പാക്കിയത്. ഇവയെല്ലാം 50 ലേഖനങ്ങളിൽ എഴുതുന്നത് ഒരിക്കലും നീതി പൂർവമാകില്ല എന്ന യാഥാർത്ഥ്യമാണ് 50 ലേഖനങ്ങൾ പൂർത്തിയാക്കുമ്പോൾ മനസിലാകുന്നത്. പല വകുപ്പുകളുടെയും എല്ലാ നയങ്ങളും ലേഖന പരമ്പരയുടെ പരിമിതി കൊണ്ട് ഉൾപ്പെടുത്താൻ സാധിച്ചില്ല. ഈ ലേഖന പരമ്പര പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുമ്പോൾ എല്ലാ വകുപ്പുകളും സ്വീകരിച്ച നയങ്ങൾ ഉൾപ്പെടുത്തി വിപുലീകരിച്ച് സർക്കാരിന്റെ സമഗ്രമായ വികസനത്തിന്റെ ചിത്രം നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കട്ടെ.

പി.ആർ.ഡിയുടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഈ ലേഖന പരമ്പര ഇന്ന് അവസാനിക്കുകയാണ്. പരമ്പരയ്ക്ക് നൽകിയ പിന്തുണയ്ക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നു.

#keralastop50policiesandprojects

#KeralaLeads