തൃശ്ശൂർ:   അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മണലിപുഴയ്ക്കുകുറുകെ നെന്മണിക്കര, തൃക്കൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലക്കാട്ടുകര പാലം യാഥാര്‍ഥ്യമായി. പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍ പാലം ഓൺലൈനിലൂടെ നാടിന് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണലി പുഴ മറികടക്കാന്‍ കടത്തിനെ മാത്രം ആശ്രയിച്ചിരുന്ന ഇവിടെ അരനൂറ്റാണ്ടുമുമ്പ് റഗുലേറ്ററിനൊപ്പം നിര്‍മിച്ച വീതികുറഞ്ഞ പാലമായിരുന്നു ഇതുവരെ ആശ്വാസം. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഇതുവഴി കടന്നുപോയിരുന്നത്. അന്നുമുതല്‍ കല്ലൂരിലും പുലക്കാട്ടുകരയിലുമുള്ളവര്‍ വലിയ വാഹനങ്ങള്‍ കടന്നുപോകാവുന്ന പാലത്തിനായി മുറവിളി കൂട്ടിയിരുന്നു.

തൃക്കൂര്‍, നെന്മണിക്കര പഞ്ചായത്തുകളും കല്ലൂര്‍, തലോര്‍ സഹകരണ ബാങ്കുകളും സഹകരിച്ച് സ്ഥലം വാങ്ങി നല്‍കിയതോടെ 2 വര്‍ഷം മുമ്പാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
നിര്‍മാണ രീതിയിലും വ്യത്യസ്തമായാണ് പുലക്കാട്ടുകര പാലം നിര്‍മിച്ചിരിക്കുന്നത്. മണലിപുഴയില്‍ പുലക്കാട്ടുകര റഗുലേറ്ററിനു സമീപം നിര്‍മിക്കുന്നതിനാല്‍ പുഴയില്‍ തൂണുകളില്ലാതെ നിര്‍മിക്കാനാണ് ജലസേചന വകുപ്പ് നിര്‍ദേശിച്ചത്.

പുഴയുടെ കരകളിലെ തൂണുകളെ ബന്ധിപ്പിക്കാന്‍ പുഴയ്ക്കുകുറുകെ ബോക്‌സ് ഗര്‍ഡര്‍ മാതൃകയില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഏറ്റവും നീളം കൂടിയ പാലമാണ് പുലക്കാട്ടുകര പാലം.നബാര്‍ഡ് ഫണ്ടും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവും ഉള്‍പ്പെടെ 3.75 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 46 മീറ്റര്‍ നീളവും 9.1 മീറ്റര്‍ വീതിയും പാലത്തിനുണ്ട്.

ഇരുപഞ്ചായത്തിലുള്ളവര്‍ക്ക് മാത്രം പ്രയോജനമാകുമെന്ന കരുതിയ പാലം, ഇപ്പോള്‍ ദേശീയപാതയിലെ ടോള്‍പ്ലാസ ഒഴിവാക്കി സഞ്ചരിക്കാനുള്ള സമാന്തര പാതയായാണ് ശ്രദ്ധേയമാകുന്നത്. മണ്ണൂത്തി ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍പ്ലാസയ്ക്കു മുമ്പ് കുഞ്ഞനംപാറയില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പുലക്കാട്ടുകര പാലത്തിലെത്താം. ഇവിടെ നിന്നും കല്ലൂര്‍ മഠംവഴി ആമ്പല്ലൂരിലേക്ക് കടന്നാല്‍ ടോള്‍പ്ലാസ ഒഴിവാക്കി സഞ്ചരിക്കാമെന്നതിനാല്‍ പാലത്തിന് പ്രാധാന്യമേറി. നിലവില്‍ കൂടുതല്‍പേര്‍ സഞ്ചരിക്കുന്ന കുഞ്ഞനംപാറ തൃക്കൂര്‍ പാലയ്ക്കപറമ്പ് ആമ്പല്ലൂര്‍ റൂട്ടിനേക്കാള്‍ 3 കിലോമീറ്ററിലേറെ ദൂരം ലാഭിക്കാമെന്നതാണ് പുലക്കാട്ടുകര പാലംവഴിയുടെ പ്രത്യേകത.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രഞ്ജിത്ത്,തൃശൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി,നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ബൈജു, തൃക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ തൊഴുക്കാട്ട്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസഫ് ടാജറ്റ്, വി എസ്. പ്രിൻസ്, ഷീല മനോഹരൻ, പോൾസൺ തെക്കുംപീടിക,പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ ഷിജി കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.