കുമ്പിച്ചല്‍ കടവിലെ യാത്രാ ക്ലേശത്തിനു പരിഹാരമാകുന്നു
തിരുവനന്തപുരം: നെയ്യാര്‍ തൊടുമല നിവാസികളുടെയും ഏറെ കാലത്തെ ആവശ്യമായ കുമ്പിച്ചല്‍ കടവുപാലം യാഥാര്‍ത്ഥ്യമാകുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.  കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാര്‍ ഡാമിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ആയിരത്തിലധികം കുടുംബങ്ങളുടെ വര്‍ഷങ്ങളായുള്ള സ്വപ്നമാണ് പാലം വരുന്നതോടെ യാഥാര്‍ഥ്യമാകുന്നത്.
കിഫ്ബി സഹായത്തോടെ 18 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് 253.4 മീറ്ററാണു നീളം.  വീതി 11 മീറ്റര്‍.  ഇതിനൊപ്പം എട്ടു മീറ്റര്‍ വീതിയില്‍ ഇരു വശത്തും നടപ്പാതയുമുണ്ടാകും.  ഈ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി ഭൂനിരപ്പില്‍ നിന്നും 12.5 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാര്‍ഡാമില്‍ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് .
ചറുക്കുപാറ, പന്തപ്ലാമൂട്, പുരവിമല, പറത്തി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട തൊടുമലയിലെ ജനങ്ങള്‍ കടത്തുവെള്ളത്തില്‍ യാത്ര ചെയ്താണ് നിലവില്‍ അമ്പൂരിയിലെത്തുന്നത്.  പാലം യാഥാര്‍ഥ്യമാകുന്നതോടെ കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പന്‍പ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളില്‍ താമസിക്കുന്ന രണ്ടായിരത്തോളം പേരുടെ യാത്രാ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരമാകും.
നിര്‍മാണോദ്ഘാടന ചടങ്ങില്‍ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് അംഗം അമ്പിളി പുത്തൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാലി ജോണ്‍, അഖില ഷീബു, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജീജ തുടങ്ങിയവര്‍ എന്നിവര്‍ പങ്കെടുത്തു.