സംസ്ഥാനം പച്ചക്കറി സ്വയം പര്യാപ്തതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പച്ചക്കറി കൃഷി വികസന പദ്ധതിയുടെ അവാർഡ് വിതരണവും പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ 42 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ നൽകും. കേരളത്തിനാവശ്യമുള്ള 15 ലക്ഷം മെട്രിക് ടൺ പച്ചക്കറി ഉത്പന്നങ്ങളിൽ 9.8 ലക്ഷം മെട്രിക് ടണ്ണും ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്.
കാർഷിക മേഖലയിൽ എല്ലാ ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓരോ സ്ഥലത്തിന്റെയും തനതും വ്യത്യസ്ഥതയുമാർന്ന പഴം , പച്ചക്കറി ഇനങ്ങൾ ഉത്പ്പാദിപ്പിക്കുന്ന ജൈവവൈവിധ്യ സംസ്‌കാരം വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കേരളം പോലെ കൃഷിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലവുമില്ല. പോഷകസമ്പുഷ്ടമായ നാടൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ ഉത്പ്പാദിപ്പിക്കണം. ചക്കയെ ഔദ്യോഗിക ഫലമാക്കിയതിലൂടെ ഭക്ഷ്യ ഉത്പ്പന്ന സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജൈവപച്ചക്കറി വികസനമാണ് സർക്കാറിന്റെ ലക്ഷ്യം. കേരളത്തിൽ ഉത്പാദിപ്പിക്കുന്നവയിൽ 96 ശതമാനവും വിഷരഹിതപച്ചക്കറിയാണ്. ജില്ലയിൽ ഏലം കൃഷിപോലുള്ളവയിൽ മാരകവിഷം പ്രയോഗിക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിരോധിത കീടനാശിനി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാർഷിക സ്വയംപര്യാപ്തത പൂർണ്ണതയിലെത്തിക്കാൻ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നാട്ടുമാവുകളുടെ ഡയറക്ടറി ഉണ്ടാക്കൽ, എല്ലാ ജൂൺ, ജൂലൈ മാസങ്ങളിലും പഞ്ചായത്ത് വാർഡുതലത്തിൽ വാർഡുതല കർഷകസഭ രൂപീകരിക്കൽ, നടീൽ വസ്തുക്കൾ വിൽക്കുന്നതിനും ഉത്പന്നങ്ങൾ വാങ്ങുന്നതിനുമായി ഞാറ്റുവേല ചന്തകൾ തുടങ്ങിയവ സംഘടിപ്പിക്കും. പരമാവധി ജനങ്ങളെ പങ്കെടുപ്പിച്ച് എല്ലാ വീടുകളിലും പച്ചക്കറികൃഷി പരിപോഷിപ്പിക്കുകയും നാടൻ ഇനങ്ങൾക്ക് പ്രാധാന്യം നൽകുകയും ചെയ്യുവാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു. പെരുവന്താനം കർഷക ജ്യോതിസ് ഇക്കോഷോപ്പ് വാർഷികവും മന്ത്രി ഉദ്ഘാടനം ചെയ്തു. 35-ാം മൈൽ കള്ളിവയലിൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തി വനിതകൾക്ക് ഗ്രാമപഞ്ചായത്ത് നൽകുന്ന തേൻഗ്രാമം പദ്ധതിയുടെ ഉദ്ഘാടനംവും ഇ.എസ്. ബിജിമോൾ എം.എൽ.എ നിർവഹിച്ചു. കാർഷികോൽപ്പന്നങ്ങളുടെ വിതരണോദ്ഘടനം റോഷി അഗസറ്റിൻ എം.എൽ.എ നിർവഹിച്ചു.
ജില്ലയിലെ മികച്ച ജൈവപഞ്ചായത്തിനുള്ള അവാർഡ് പെരുവന്താനം ഗ്രാമപഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് കെ.റ്റി. ബിനു മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം കാന്തല്ലൂരിനും മൂന്നാം സ്ഥാനം സേനാപതി പഞ്ചായത്തിനും ലഭിച്ചു. ജില്ലയിലെ പച്ചക്കറി വികസന പദ്ധതിയിൽ അവാർഡിനർഹരായിട്ടുള്ളവർക്കുള്ള ഉപഹാരവും മന്ത്രി വിതരണം ചെയ്തു. ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയിൽ മികച്ച കർഷകയായി തിരഞ്ഞെടുത്ത ബിന്ദു സിബി, ഗവ.യു.പി.എസ്, പഴയവിടുതി, രാജാക്കാട് (മികച്ച സ്‌കൂൾ തോട്ടം), ജോയി ആൻഡ്രൂസ്, ഗവ. യു.പി.എസ്, പഴയവിടുതി( ഹെഡ്മാസ്റ്റർ), ജോയി എം.പി, ഹോളി ക്യൂൻസ് യു.പി സ്‌കൂൾ രാജകുമാരി (ടീച്ചർ ഇൻചാർജ്ജ്), കൃഷ്ണൻ കെ.ജി, രാജാക്കാട് (മികച്ച കർഷകൻ), പ്രിൻസ് മാത്യു, നെടുങ്കണ്ടം (അസി. ഡയറക്ടർ ഓഫ് അഗ്രികൾച്ചർ), സിബി സെബാസ്റ്റ്യൻ , വണ്ടൻമേട്( കൃഷി ഓഫീസർ), അനിൽകുമാർ റ്റി, വണ്ടൻമേട്( കൃഷി അസിസ്റ്റന്റ്), തോമസ്‌കുട്ടി ബിനോയി, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കരിമണ്ണൂർ (വിദ്യാർത്ഥി വിഭാഗം), പോലീസ് സ്റ്റേഷൻ പീരുമേട്(പ്രോജക്ട് ബേസിക് കൾട്ടിവേഷൻ , പൊതുവിഭാഗം), സൃഷ്ടി ചാരിറ്റബിൾ ട്രസ്റ്റ്, നല്ലതണ്ണി ( പ്രോജക്ട് ബേസിക് കൾട്ടിവേഷൻ, സ്വകാര്യ വിഭാഗം) കൃഷ്ണൻ പി.ടി, രാജാക്കാട് പച്ചക്കറി ഗ്രൂപ്പ് (ക്ലസ്റ്റർ) എന്നിവരും ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനം ലഭിച്ചവരും മന്ത്രിയിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തിന്റെ ഇക്കോഷോപ്പിൽ ഏറ്റവും അധികം പച്ചക്കറി, പഴം, ഉൽപ്പന്നങ്ങൾ എത്തിച്ച കൈരളി, ഹരിത ഫാർമേഴ്‌സ് ക്ലബുകളെ ചടങ്ങിൽ ആദരിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റ് ഡോ.അമ്മു ജി.കൃഷ്ണൻ കാർഷിക സെമിനാർ നയിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ്, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെച്ചൂർ തങ്കപ്പൻ, ജില്ലാ പഞ്ചായത്തംഗം മോളി ഡൊമിനിക്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സന്ധ്യ സുബാഷ്, ജിജോ എം.ആർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള മോഹനൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു സ്വാഗതവും കൃഷി ഓഫീസർ സൗമ്യ സണ്ണി നന്ദിയും പറഞ്ഞു.