പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കി ജനങ്ങള്‍ക്കൊപ്പം നിന്ന് കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാന്‍ രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍കാറിന് സാധിച്ചതായി തൊഴില്‍ ഐക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഴിക്കോട് ഫെസ്റ്റ് ബീച്ചില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും പ്രതീക്ഷയും നിറവേറ്റാന്‍ കഴിഞ്ഞു എന്നതാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന് ഏറെ അഭിമാനകരം. പാടെ തകര്‍ന്ന കേരളത്തെ പുനരുജ്ജീവിപ്പിക്കുകയെന്ന വലിയ ദൗത്യമാണ് രണ്ടു വര്‍ഷം മുമ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ജനങ്ങള്‍ എല്‍.ഡി.എഫിനെ അധികാരമേല്‍പ്പിക്കുമ്പോള്‍ അഴിമതിയുടെ കൂത്തരങ്ങായിരുന്നു ഭരണരംഗം. തകര്‍ന്നുപോയ കാര്‍ഷികവ്യവസായമേഖലകള്‍ക്ക് പുതുജീവന്‍ നല്‍കി കേരളത്തെ സമഗ്രവികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കാന്‍ രണ്ടുവര്‍ഷത്തിനിടയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു.

വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ മികവ്, മികച്ച ക്രമസമാധാന പാലനം, മികച്ച ഭരണം, അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം, വര്‍ഗീയ കലാപം ഇല്ലാത്ത സംസ്ഥാനം എന്നിങ്ങനെ
വിവിധ നേട്ടങ്ങള്‍ക്കായി കേന്ദ്രസര്‍കാറിന്റേതടക്കം നിരവധി പുരസ്‌കാരങ്ങള്‍
കേരളത്തെ തേടിയെത്തിയതെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് 300 പേര്‍ക്ക് പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ വിതരണവും “കുട്ടികളുടെ അവകാശവും സമൂഹവും” ഡോക്യുമെന്ററി പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.

വി.കെ.സി മമ്മദ് കോയ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസ്, കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, എം.എല്‍.എ മാരായ സി.കെ നാണു, പുരുഷന്‍ കടലുണ്ടി, അഡ്വ.പി.ടി എ.റഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, എന്‍.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, കോണ്‍ഗ്രസ് എസ്.ജില്ലാ ജനറല്‍സെക്രട്ടറി സി.പി ഹമീദ്, കേരള കോണ്‍ഗ്രസ് ബി ജില്ലാ പ്രസിഡന്റ് പി.വി നവീന്ദ്രന്‍, ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ അസീസ്, എന്‍.എസ്.സി ജില്ലാ ജന സെക്രട്ടറി ഇ.സി മുഹമ്മദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ബാന്റ് മേളവും വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, മിഷനുകള്‍, വിവിധ വകുപ്പുകള്‍ എന്നിവര്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്രയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍.