സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായൊരുക്കിയ ഭക്ഷ്യമേളക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. വൈകുന്നേരങ്ങളില്‍ നിരവധി പേരാണ് കുടുംബ സമേതം കോഴിക്കോടന്‍ രുചിപ്പെരുമ തേടി മേളയിലെത്തുന്നത്. പ്രധാന വേദിക്കരികിലാണ് മേള ഒരുക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഭക്ഷണം കഴിച്ചു കൊണ്ട് പരിപാടികള്‍ ആസ്വദിക്കാന്‍ സാധിക്കും.

കുടുംബശ്രീ പ്രവര്‍ത്തകരാണ് ഭക്ഷ്യമേളയിലെ താരങ്ങള്‍ . കറുത്തമ്മ ചെമ്മീന്‍, സര്‍ഗ ചിക്കന്‍, കാന്താരി ചിക്കന്‍, മലബാര്‍ പുയ്യാപ്ല കോഴി, മൊഞ്ചത്തി ബിരിയാണി തുടങ്ങി പേരിലും രുചിയിലും വ്യത്യസ്തമാവുകയാണ് ഓരോ വിഭവങ്ങളും. വിവിധയിനം ബിരിയാണികള്‍, ജ്യൂസുകള്‍,പലഹാരങ്ങള്‍, പുട്ടുകള്‍, പായസങ്ങള്‍, ദോശകള്‍ തുടങ്ങി രുചി വൈവിധ്യങ്ങളുടെ ഒരു വലിയ നിര തന്നെ മേളയിലൊരുക്കിയിട്ടുണ്ട്. വിവിധ മേളകളിലും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ളവരാണ് രുചിക്കൂട്ടുകളൊരുക്കുന്നത്. കൂടാതെ അട്ടപ്പാടിയിലെ ചൈതന്യ കുടുംബശ്രീ ഒരുക്കുന്ന വിവിധ രുചിക്കൂട്ടുകളും മേളയിലെ ശ്രദ്ധാ കേന്ദ്രമാവുകയാണ്.

മേള തുടങ്ങി അവസാനിക്കുന്നതു വരെ സ്റ്റാളില്‍ ആവി പറക്കുന്ന വിഭവങ്ങള്‍ തയ്യാറായിരിക്കും. ലൈവ് കിച്ചണില്‍ ഒരുക്കുന്ന വിഭവങ്ങളായതുകൊണ്ടു തന്നെ സംശയം കൂടാതെ കഴിക്കുകയുമാവാം. രുചി പോലെ തന്നെ വൃത്തിയിലും വിട്ടു വീഴ്ചകളില്ലാതെയാണ് മേള പുരോഗമിക്കുന്നത്. കോഴിക്കോട് ഫെസ്റ്റിന്റെ അവസാന ദിനം വരെ ഭക്ഷ്യമേളയും സജീവമായി ഉണ്ടാവും.