കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.സി.എഫ്.എഫ്.കെ 2018) മെയ് 14 മുതല്‍ 20 വരെ നടക്കും.  സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുക. ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളില്‍ ദിവസേന നാലു പ്രദര്‍ശനങ്ങള്‍ വീതം, ഒരു ദിവസം 20 ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും, വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800-ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കും.  സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളില്‍ കഴിയുന്ന 500-ഓളം കുട്ടികള്‍ക്കും ചലച്ചിത്രോത്സവം കാണാന്‍ അവസരം ഒരുക്കുന്നുണ്ട്.
കുട്ടികളുടെ വൈജ്ഞാനിക വൈകാരികതലങ്ങളെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്ക് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. അതിവൈകാരികതയും ദൃശ്യങ്ങളുടെ അതിഭാവികുത്വത്തിനുമപ്പുറം ഹൃദയ സ്പര്‍ശികളായ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. സിനിമയെ നന്നായി മനസ്സിലാക്കാനും ആവിഷ്‌ക്കാര തലങ്ങള്‍ മനസ്സിലാക്കാനും പഠിക്കാനും ആസ്വദിക്കാനും കഴിയുന്ന ചിത്രങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്.  കുട്ടികള്‍ക്ക് അന്യമാകുന്ന ഇത്തരം മേളകളെ അവരിലേയ്ക്ക് അടുപ്പിക്കാനുള്ള ബൃഹദ് സംരംഭമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.   വരും വര്‍ഷങ്ങളില്‍ ഒരു സ്ഥിരം വേദിയായി മേളയെ മാറ്റും.
ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ എല്ലാ ദിവസവും സംസ്ഥാന സ്‌കുള്‍ യുവജനോത്സവ വിജയികളുടെയും, ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെയും, കുട്ടികളുടെ രംഗത്ത് സര്‍ഗ്ഗാത്മക കഴിവ് തെളിയിച്ചവരുടെയും വിവിധ കലാപരിപാടികള്‍, കുട്ടികളെ ആകര്‍ഷിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ സ്റ്റാളുകള്‍ എന്നിവ സജ്ജീകരിച്ചു എക്‌സിബിഷനും ഉണ്ടായിരിക്കും.  എക്‌സിബിഷന്‍ സൗജന്യമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും കാണാനുള്ള സൗകര്യം ഒരുക്കും.  ഇതിനു പുറമേ കൈരളി, ടാഗോര്‍ എന്നീ തിയേറ്ററുകളിലെ അങ്കണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.  കുട്ടികള്‍ക്ക് ചലച്ചിത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്നതിന് (എങ്ങനെ സിനിമ നിര്‍മ്മിക്കാം), ഒരു സ്ഥിരം വേദിയും ഒരുക്കും.  ഇവിടെ കുട്ടികളുടെ സംശയങ്ങള്‍ക്ക് ചലച്ചിത്ര രംഗത്തെ പ്രഗല്‍ഭര്‍ മറുപടി നല്‍കും.  മുന്‍കാലങ്ങളില്‍ കേരളത്തില്‍ നിന്നും ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ബാലപ്രതിഭകളുടെ സംഗമം മേളയില്‍ ഒരുക്കും.  മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, പ്രശസ്തരായ ചലച്ചിത്ര നടീനടന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളിലെ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.
ഡെലിഗേറ്റ് പാസ്സിനായി www.icffk.com എന്ന വെബ്‌സൈറ്റിലോ ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  150 രൂപയാണ് ഡെലിഗേറ്റ് പാസ്.  രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളോടൊപ്പം രജിസ്റ്റര്‍ ചെയ്യാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ചലച്ചിത്രമേളയുടെ ഉദ്ഘാടനം മെയ് 15 ന് ഉച്ചയ്ക്ക് 12 ന് ടാഗോര്‍ തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.  ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റവല്‍ കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് എം.എല്‍.എ, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, നടന്‍ മധു, ആദ്യകാല സംവിധായകന്‍ പി.വി. ശിവന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനില്‍ രാജേന്ദ്രന്‍, നടന്‍ സുധീര്‍ കരമന, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, സാമൂഹ്യ നീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്ജ്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്‍ഡ്യ സി.ഇ.ഒ. സ്വാതി പാണ്‌ഡേ, 2017 ലെ ശിശുദിനത്തിലെ കുട്ടികളുടെ പ്രധാനമന്ത്രി അഭിനവമിരാഗ്, 2017 ലെ സംസ്ഥാന ബാലതാരങ്ങളായ അഭിനന്ദ്, നക്ഷത്ര മനോജ്, ചാരുകിരണ്‍ ജി.കെ. ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ദീപക് എസ്.പി, ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ മുകേഷ് എം.എല്‍.എ, സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയും ഫെസ്റ്റിവല്‍ കമ്മിറ്റി കണ്‍വീനറുമായ അഡ്വ. ദീപക് എസ്.പി., ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.