ഊര്‍ജ്ജ മേഖലയില്‍ വന്‍ കുതിപ്പെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ: ‍ഊര്ജ്ജോൽപാദന രംഗത്തിന് പുതിയ ഉണര്‍വാകുന്ന 2000 മെഗാവാട്ട് പുഗലൂര്‍ – തൃശൂര്‍ ഹൈ ട്രാന്‍സ്മിഷന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കേരള വികസനത്തിൽ വലിയ ചുവടുവെയ്പ്പാണിതെന്നും സാങ്കേതികതയിലൂടെ വികസന മുന്നേറ്റമാണ് നടക്കുന്നതെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ പദ്ധതികളില്‍ കേന്ദ്രത്തിന്റെ സഹകരണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.ഊര്‍ജ്ജ മേഖലയില്‍ കേരളം കുതിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിന്റെ തെക്കേയറ്റം മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങള്‍ ഹൈ വോള്‍ട്ടേജുള്ള പ്രദേശങ്ങളാകുമെന്നും സംസ്ഥാനത്തിന് ഇത് സുപ്രധാന നിമിഷമാണെന്നും ചടങ്ങില്‍ സംസാരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തമിഴ്‌നാട്ടിലെ പുഗലൂരില്‍ നിന്നും 2000 മെഗാവാട്ട് വൈദ്യുതി തൃശൂരിലെ മാടക്കത്തറയിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതി. പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി വിതരണം സുഗമമാക്കാന്‍ പദ്ധതിയിലൂടെ സാധിക്കും.കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍, കേന്ദ്ര മന്ത്രിമാരായ രാജ്കുമാര്‍ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, വൈദ്യുത മന്ത്രി എം എം മണി, ശശി തരൂര്‍ എം പി തുടങ്ങിയവര്‍ ഓണ്‍ലൈനായും ജില്ലയെ പ്രതിനിധീകരിച്ച് ടി.എന്‍ പ്രതാപന്‍ എംപി, ജില്ലാ കലക്ടര്‍ എസ്.ഷാനവാസ്, സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആദിത്യ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.