കോഴിക്കോട്‌: നോട്ട് നിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കം ചെറുത്ത് നില്‍ക്കാനായത് ജനങ്ങള്‍ ഈ മേഖലയില്‍ അര്‍പ്പിച്ച വിശ്വാസം കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉള്ള്യേരി സര്‍വീസ് സഹകരണ ബാങ്കിന്റെ കെട്ടിടോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ സഹകരണ മേഖലയാണ് കൈത്താങ്ങായത്.

വര്‍ഷങ്ങളായി മുടങ്ങിയ സാമൂഹ്യ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ച് കൊടുക്കുന്നതിന് സഹായം നല്‍കിയത് സഹകരണ മേഖലയാണ്. കേരളത്തിന്റെ പ്രധാന സാമ്പത്തിക ശക്തികളില്‍ ഒന്നായ സഹകരണ മേഖല കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ സര്‍ക്കാറിന്റെ പ്രധാന ധനകാര്യ സ്ഥാപനമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും അതാത് പ്രദേശങ്ങളിലെ സഹകരണ ബാങ്കുകളും കൃഷി ഭവനുകളും മറ്റും ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ -ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഗ്രാമപ്രദേശങ്ങളില്‍ രൂപപ്പെടുന്ന കൂട്ടായ്മകള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്നതാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കണ്‍വന്‍ഷന്‍ സെന്റര്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു.

ബാങ്ക് ഓഡിറ്റോറിയം എം.കെ രാഘവന്‍ എം.പിയും മിനി കോണ്‍ഫറന്‍സ് ഹാള്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ആദ്യ നിക്ഷേപം സ്വീകരിച്ചു. കിടപ്പ് രോഗികള്‍ക്ക് കൈത്താങ്ങ് സമര്‍പ്പണം ബാലുശ്ശേരി വി പ്രതിഭ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ഒല്ലൂര്‍ ദാസന്‍, സെക്രട്ടറി മോന്‍സി വര്‍ഗീസ്, ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍, കെ.പി ബാബു, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരി, വ്യാപാരി വ്യാവസായി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.