തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ലൈബ്രറി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, പൊതുമരാമത്ത് പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച രണ്ട് അക്കാദമിക് ബ്ലോക്കുകള്‍, നവീകരിച്ച മെയിന്‍ ബില്‍ഡിംഗ്, മെന്‍സ് ഹോസ്റ്റല്‍, ടെക്സ്റ്റയില്‍ ലാബ്, ജനറല്‍ വര്‍ക്ക്ഷോപ്പ് എന്നിവയുടെ ഉദ്ഘാടനം വി. കെ പ്രശാന്ത് എം. എല്‍. എ നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ മികച്ച രീതിയില്‍ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ പോളിടെക്നിക്ക് കോളേജിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനായി.
തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കാനും നാട്ടുകാര്‍ക്ക് പ്രയോജനപ്രദമാകാനും ഇത്തരം സ്ഥാപനങ്ങള്‍ മുതല്‍കൂട്ടാകുമെന്നും എം. എല്‍. എ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മാത്രം 1,080 കോടി രൂപയുടെ അടിസ്ഥാനസൗകര്യ പദ്ധതികളാണ് കിഫ്ബി വഴിയും ബഡ്ജറ്റ് വഴിയും നേടിയെടുക്കാന്‍ സാധിച്ചത്. പോളിടെക്നിക്ക് കോളജില്‍ ഓപ്പണ്‍ ഓഡിറ്റോറിയം വേണമെന്ന വിദ്യാര്‍ത്ഥികളുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് എം.എല്‍.എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. പദ്ധതിയുടെ ശിലാഫലകം ചടങ്ങില്‍ അദ്ദേഹം അനശ്ചാദനം ചെയ്തു.
കിഫ്ബി ഫണ്ടില്‍ നിന്നും ആറു കോടിയോളം രൂപ ചെലവിട്ടാണ് ലൈബ്രറി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. പൊതുമരാമത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നും  പതിനൊന്നര കോടിയോളം  രൂപ ചെലവിട്ട്  നിര്‍മ്മിച്ച രണ്ട് അക്കാഡമിക് ബ്ലോക്കുകളില്‍ ഒരെണ്ണത്തിന്റെ ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയായി.  ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ സയന്‍സ്, ടെക്സ്റ്റല്‍ വകുപ്പുകള്‍ എന്നിവ ഇനി പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കും. 2,630 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍  മൂന്നു നിലകളും 3,656 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ രണ്ടു നിലകളുമാണ് ആദ്യ ഘട്ടത്തില്‍  പൂര്‍ത്തിയാക്കിയത്.
മെന്‍സ് ഹോസ്റ്റലില്‍ അറ്റകുറ്റ പണികള്‍ നടത്തി മെസ്സ് ഹാള്‍, അടുക്കള, അറുപതോളം മുറികള്‍ തുടങ്ങിയവ മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടെക്സ്റ്റല്‍ ലാബും അറ്റകുറ്റ പണികള്‍ നടത്തി മികവുറ്റതാക്കി. 22 ഓളം ഏക്കര്‍ ഭൂമിയിലാണ് ക്യാമ്പസ് സ്ഥിതി ചെയുന്നത്.
വട്ടിയൂര്‍ക്കാവ് പോളിടെക്നിക് കോളേജില്‍ നടന്ന ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. റ്റി. പി ബൈജുബായി സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍മാരായ ഐ. എം പാര്‍വതി, റാണി വിക്രമന്‍, കോളേജ് പ്രിന്‍സിപ്പല്‍ ബിന്ദു വാസുദേവന്‍, വിവിധ ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പങ്കെടുത്തു.