കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ചെറുതും വലുതുമായ പദ്ധതികള്‍ നടപ്പിലാക്കിയത് വഴി കേരളം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ടൂറിസ്റ്റ് ഹബ്ബായി മുന്നേറുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

തങ്കശ്ശേരിയില്‍ വിനോദ സഞ്ചാര വകുപ്പ് 5.5 കോടി രൂപാ ചെലവില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നിര്‍മിക്കുന്ന ബ്രേക്ക് വാട്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പശ്ചാത്യ നാടുകളുമായുണ്ടായിരുന്ന ബന്ധങ്ങളുടെ ചരിത്ര സ്മാരകങ്ങളും ശേഷിപ്പുകളും നിലനില്‍ക്കുന്ന പ്രദേശമെന്ന നിലയില്‍ തങ്കശ്ശേരിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രാധാന്യമേറിയതാണ്.

കായല്‍, മലയോര പ്രദേശങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളില്‍ നൂതന സംവിധാനങ്ങളൊരുക്കി ഉന്നത നിലവാരത്തിലെത്തിച്ചു. കൊല്ലം ബീച്ച്, മീന്‍പിടിപ്പാറ, മലമേല്‍പ്പാറ, ആശ്രാമം ഹെറിറ്റേജ് വാക്ക് എന്നിവ ഇതിനുദാഹരണങ്ങളാണ്.
കേരളത്തിലെ വിനോദ സഞ്ചാര മേഖലകളെകുറിച്ച് വിദേശ മാസികകളില്‍ വന്ന പരാമര്‍ശങ്ങള്‍ സംസ്ഥാനത്തിന്റെ ടൂറിസം വികസന കാഴ്ചപ്പാടുകള്‍ക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവാണ്. ജില്ലയുടെ ടൂറിസം വികസന പദ്ധതികളെക്കുറിച്ച് നിരന്തരം ബന്ധപ്പെടുകയും കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന മുകേഷ് എം എല്‍ എയെ മന്ത്രി ചടങ്ങില്‍ അഭിനന്ദിച്ചു.

ചരിത്ര സ്മരണകളുറങ്ങുന്ന തങ്കശ്ശേരിയുടെ സാധ്യതകള്‍ വിനോദ സഞ്ചാര ഭൂപടത്തില്‍ സുപ്രധാന ഇടമാകുമെന്നും ജില്ലയിലെ ടൂറിസം മേഖലയുടെ സുവര്‍ണകാലമാണ് വരാന്‍പോകുന്നതെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എം മുകേഷ് എം എല്‍ എ പറഞ്ഞു.
വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്ര സവിശേഷതകളുള്ള ജില്ലയിലെ വിനോദ സഞ്ചാര മേഖലകളെല്ലാം തനിമ നഷ്ടപ്പെടാതെ പരിരക്ഷിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
തങ്കശ്ശേരിയുടെ ചരിത്ര പ്രാധാന്യവും ബീച്ച് ടൂറിസത്തിന്റെ സാധ്യതകളും ഉള്‍ക്കൊണ്ട് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയില്‍ കുട്ടികള്‍ക്ക് കളിസ്ഥലം, സൈക്കിള്‍ ട്രാക്ക്, കിയോസ്‌കുകള്‍, ഇരിപ്പിടങ്ങള്‍, പുലിമുട്ടിന്റെ സൗന്ദര്യവത്കരണം, ലാന്‍ഡ്‌സ്‌കേപ്പിംഗ്, റാമ്പ്, ചെറുപാലം, സുരക്ഷാ വേലി, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവയാണ് പൂര്‍ത്തിയായത്.
ഇന്‍ഫര്‍മേഷന്‍ സെന്റര്‍, റെസ്റ്റോറന്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ബോട്ട് ജെട്ടി, ഗസീബോ, പ്രവേശന കവാടം, എന്നിവ രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കും.

ഡിവിഷന്‍ കൗണ്‍സിലര്‍ സ്റ്റാന്‍ലി, ഡി ടി പി സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീകുമാര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലിന്‍ഡ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ രാജ്കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡി കമലമ്മ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കിരണ്‍ റാം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ വൈശാഖ്, ഷെമീറ, ടൂറിസം-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വികസന പെരുമയില്‍ കൊല്ലം എന്ന പേരില്‍ വികസന ചിത്രപ്രദര്‍ശനം ഒരുക്കിയിരുന്നു.