വയനാട്: സംസ്ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഉത്സവം 2021 കലാസന്ധ്യയ്ക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിൻ്റെ ഉദ്ഘാടനം ഒ.ആർ. കേളു എം.എൽ.എ നിർവ്വഹിച്ചു. കേരളത്തിലെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം, അലാമിക്കളി, കാക്കരിശ്ശി നാടകം, പൂരക്കളി, ഒപ്പന, വട്ടപ്പാട്ട്, ചാക്യാർകൂത്ത് തുടങ്ങിയവയുടെ പ്രദർശനമാണ് കലാസന്ധ്യയിൽ ഒരുക്കിയിട്ടുള്ളത്. മാനന്തവാടി പഴശ്ശി പാർക്കിലും, സുൽത്താൻ ബത്തേരി ടൗൺ സ്ക്വയറിലുമായി ഫെബ്രുവരി 26 വരെ വൈകീട്ട് 6 മുതലാണ് പ്രദർശനം നടക്കുക.

മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന ചടങ്ങിൽ വയനാട് കലാമണ്ഡലം അവതരിപ്പിച്ച ചാക്യാർകൂത്ത്, കെ. വാസുദേവൻ അവതരിപ്പിച്ച കോലംകളി എന്നിവ അരങ്ങേറി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ. രത്‌നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസ, നഗരസഭ കൗൺസിലർ ബി.ഡി. അരുൺ കുമാർ, ഡി.ടി.പി.സി സെക്രട്ടറി ബി.ആനന്ദ്, ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അലി ബ്രാൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഷാജൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.