സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ടു വര്‍ഷം നടപ്പാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ കൈവരിച്ച വികസന നേട്ടങ്ങള്‍ നഷ്ടമാകാതെ സംരക്ഷിച്ച് ശരിയായ ദിശയില്‍ തന്നെ സര്‍ക്കാര്‍ മുന്നേറുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പു മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. മന്ത്രിസഭാ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ ആരംഭിച്ച സേവന ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാര്‍ത്ഥയും സത്യസദ്ധതയും സുതാര്യതയും നിലനുറുത്തി അഴിമതി വിമുക്തമായ ഭരണ നിര്‍വ്വഹണം നടത്തിയതിലൂടെയാണ് എല്ലാ മേഖലയിലും ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കാനായത്. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടും ജനപക്ഷത്തു നിന്നും അവരെ ഒപ്പം നിറുത്തിയുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മത നിരപേക്ഷതയുടെ പ്രതീകമായി കേരളത്തെ മാറ്റിയതിലൂടെ മറ്റ് സംസഥാനങ്ങള്‍ക്ക് രാഷ്ട്രീയ മാതൃകയായിരിക്കുകയാണ് കേരളം. അവഗണിക്കപ്പെട്ടു കിടന്നിരുന്ന കാര്‍ഷീക മേഖല നല്‍കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ നടത്തിയ ശ്രമങ്ങളിലൂടെ ഉല്‍പ്പാദന മേഖലയില്‍ സ്വയം പര്യാപത നേടുടകയെന്ന ലക്ഷ്യത്തിന് ഏറ്റവും അടുത്ത് എത്തിക്കഴിഞ്ഞു. മൂന്നു ലക്ഷം ഹെക്ടറില്‍ നെല്‍ കൃഷി വ്യാപിപിച്ചു. നാല്‍പ്പതിനായിരം ഏക്കറില്‍ തരിശു കൃഷി തുടങ്ങി. പച്ചക്കറി ഉല്‍പ്പാദനം ആറര മെട്രിക് ടണ്ണില്‍ നിന്ന് 9.8 മെട്രിക് ടണ്ണായി ഉയര്‍ത്തി. പരമ്പരാഗത തൊഴില്‍ മേഖല ചലനാത്മകമാക്കിയതിലൂടെ പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്താനായി. സര്‍ക്കാരിന് ബാദ്ധ്യതയായിരുന്ന എല്ലാ പൊതു മേഖലാ സ്ഥാപനങ്ങളും ലാഭവിഹിതം സര്‍ക്കാരിലേക്ക് അടയ്ക്കുന്ന നിലയിലായി. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. നാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നടപ്പാക്കിയ ഹരിതകേരളം, ലൈഫ്, ആര്‍ദ്രം, പൊതു വിദ്യാഭ്യസ യജ്ഞം എന്നീ മിഷനുകള്‍ നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണെന്നും കൃഷി അനുബന്ധ മേഖലകളിലും ഐ.ടി മേഖലയിലും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.