തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലത്തിലെ കുറ്റൂര്‍ ചന്ദ്ര മെമ്മോറിയല്‍ സ്‌കൂള്‍ ഹൈടെക് ആകുന്നു. കിഫ്ബിയില്‍ നിന്നും 1 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിക്കുന്നത്. വടക്കാഞ്ചേരി മണ്ഡലത്തിലെ ഏറെ പഴക്കമുള്ള സ്‌കൂളുകളില്‍ ഒന്നാണ് ചന്ദ്ര മെമ്മോറിയല്‍. സ്‌കൂളിന്റെ നിര്‍മാണോദ്ഘടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വല്ലഭന്‍ അധ്യക്ഷനായിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മികവിന്റ കേന്ദ്രങ്ങളാവുകയാണ് ഓരോ സ്‌കൂളുകളുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

8 ക്ലാസ്സ് മുറികള്‍, ഓഫീസ് റൂം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ആധുനിക രീതിയില്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കും. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ജോസഫ്, കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരന്‍, ചന്ദ്ര മെമ്മോറിയല്‍ പി ടി എ പ്രസിഡന്റ് പ്രകാശ് ചിറ്റിലപിള്ളി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.