മലപ്പുറം:  ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള സഹയോഗി പരിശീലന സഹായി കൈപുസ്തകത്തിൻ്റെ സംസ്ഥാന തല വിതരണോദ്ഘാടനം  പൊന്നാനി ആർ.വി പാലസിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാതെയും  പരിഗണിക്കപ്പെടാതെയും ഇരിക്കുമെന്ന് ആരും ഭയപ്പെടണ്ടെന്നും സർക്കാർ അവരെ സംരക്ഷിക്കുന്നതിന്റെ  ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്നും ചടങ്ങിൽ സ്പീക്കർ പറഞ്ഞു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓരോ വ്യത്യസ്ത ശേഷി ഉൾക്കൊള്ളുവാനുള്ള മനസ് ഉണ്ടായാൽ മതി. സൂക്ഷ്മമായ പരിശ്രമത്തിലൂടെ ഏത് ബുദ്ധിമുട്ടുള്ള കാര്യവും സ്വായത്തമാക്കുവാൻ കഴിവുള്ളവരാണ് ഇവർ.  രക്ഷാകർത്താക്കൾ എന്ന നിലയ്ക്ക് സൂക്ഷമതയോടു കൂടി കുട്ടികളെ പരിശീലിപ്പിക്കാൻ പഠിച്ചാൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പ്  സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന അനു യാത്ര പദ്ധതിയുടെ ഭാഗമായി ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിപരമായ വെല്ലുവിളികൾ തുടങ്ങിയവയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി രക്ഷാകർതൃ ശാക്തീകരണ പരിശീലന പരിപാടി. സംഘടിപ്പിച്ചിരുന്നു. ഈ പരിശീലന പരിപാടിയുടെ ഭാഗമായാണ് രക്ഷിതാക്കൾക്ക് സഹയോഗി പരിശീലന സഹായി കൈപുസ്തകം തയ്യാറാക്കിയത്.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ റഫീഖ മുഖ്യാതിഥിയായി. പ്രോഗ്രാം കോർഡിനേറ്റർ എം.പി കൈരളി പദ്ധതി വിശദീകരണം നടത്തി. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ കെ.കൃഷ്ണമൂർത്തി ,എ ഷിബുലാൽ, കെ.വി വേണുഗോപാൽ, ഡോ. ജാവേദ് അനീസ് ,കെ .എസ് .ഹസ്ക്കർ, ബിന്ദു സിദ്ധാർത്ഥൻ , ഡോ.ബി അഷീൽ മുഹമ്മദ് , രജീഷ് ഊപ്പാല എന്നിവർ ചടങ്ങിൽ സംസാരിച്ചു.