കണ്ണൂർ: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുൾപ്പടെ മത്സര ചിത്രങ്ങൾ. പ്രേക്ഷകർ ആകാംഷാപൂർവം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് ചുരുളി. തിരുവനന്തപുരത്തും, കൊച്ചിയിലും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം തലശ്ശേരിയിലും തരംഗമായി. തെറ്റുകൾ ശരിയായും, ശരികൾ തെറ്റായും മാറിമറിയുന്ന സങ്കീർണമായ സംഭവ വികാസങ്ങളിലൂടെ കടന്നു പോകുന്ന ചുരുളിക്ക് മേളയുടെ തലശ്ശേരി പതിപ്പിൽ ലഭിച്ച സ്വീകാര്യത ചെറുതൊന്നുമല്ല.

വൻ ജനത്തിരക്കാണ് ചുരുളിയുടെ പ്രദർശനത്തിന് അനുഭവപ്പെട്ടത്. മനസ്സിന്റെ അടിസ്ഥാന ചേതനകളാൽ ചുഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളിയുടെ ഇതിവൃത്തം. ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷം മാറി പോകുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പ്രശ്നങ്ങൾ സിനിമ ചർച്ച ചെയ്യുന്നു.

മോഹിത് പ്രിയദർശി സംവിധാനം  ചെയ്ത ഹിന്ദി ചിത്രം കൊസ, അസർബൈജാനിയൻ ചിത്രം ബിലേസുവര്‍, വിയറ്റ്നാമീസ് ചിത്രം റോം , ബ്രസീലിയൻ ചിത്രം മെമ്മറി ഹൗസ്, മെക്സിക്കൻ ചിത്രം ബേർഡ് വാച്ചിങ് തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദർശിപ്പിച്ച മറ്റ് മത്സര ചിത്രങ്ങൾ. മികച്ച പ്രേക്ഷക പ്രതികരണം നേടാൻ ഈ സിനിമകൾക്ക് കഴിഞ്ഞു.
മരണത്തെ പേടിയുള്ള മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതത്തിലൂടെ  സഞ്ചരിച്ച വിപിൻ ആറ്റ്‌ലിയുടെ മ്യൂസിക്കൽ ചെയറും പ്രേക്ഷക ശ്രദ്ധ നേടി.

കാമുകൻ ചതിച്ചതിനാൽ, അയാളെ കൊന്ന് പ്രതികാരം ചെയ്ത് സ്വന്തം വേരുകളിലേക്ക് മടങ്ങി പോകണമെന്ന മിത്തിൽ ജീവിക്കുന്ന അൺഡൈൻ എന്ന യുവതിയുടെ കഥ പറയുന്ന അൺഡൈൻ എന്ന ചിത്രവും നെവർ ഗൊണാ സ്‌നോ എഗൈൻ, ദ വുമൺ ഹു റാൻ, നോവേർ സ്പെഷ്യൽ, ഹൈ ഗ്രൗണ്ട്, എനദർ റൗണ്ട് എന്നിങ്ങനെ വ്യത്യസ്ത കഥകൾ പറയുന്ന ചിത്രങ്ങളുമാണ് ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ചത്.

അന്തരിച്ച സംവിധായകൻ കിം കി ഡുക്കിനോടുള്ള ആദരസൂചകമായി പ്രദർശിപ്പിച്ച സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ് എന്ന ചിത്രവും പ്രേക്ഷകരുടെ മനം നിറച്ചു.

ഡോൺ പാലത്തറ സംവിധാനം ചെയ്ത 1956 , മധ്യതിരുവിതാംകൂറും ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെയുമാണ് കലഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ. ആകെ 24 സിനിമകളാണ് രണ്ടാം ദിനത്തിൽ പ്രദർശിപ്പിച്ചത്.