വയനാട്: ജില്ലയിലെ ബാങ്കുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം വരെ 3404 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം വിലയിരുത്തി. ഇതില്‍ 3232 കോടി രൂപയും മുന്‍ഗണനാ വിഭാഗത്തിലാണ് നല്‍കിയത്. കാര്‍ഷികവായ്പയായി 2525 കോടി രൂപയും കാര്‍ഷികേതര വായ്പയായി 426 കോടി രൂപയും മറ്റ് മുന്‍ഗണനാ വിഭാഗില്‍ 281 കോടി രൂപയും വിതരണം ചെയ്തു.
ബാങ്കുകളുടെ മൊത്തം വായ്പ വിതരണം 7277 കോടിയില്‍ നിന്ന് 8135 കോടിയായും നിക്ഷേപം 5853 കോടിയില്‍ നിന്ന് 6714 കോടിയായും വര്‍ദ്ധിച്ചു. വായ്പ 12 ശതമാനവും നിക്ഷേപം 15 ശതമാനവും വര്‍ദ്ധനവ് രേഖപ്പെടുത്തി.

വിദേശനിക്ഷേപം 987 കോടി രൂപയില്‍ നിന്നും 1215 കോടിയായി. 23 ശതമാനം വര്‍ദ്ധനവാണുണ്ടായത്. വായ്പാ- നിക്ഷേപ അനുപാതം 122 ശതമാനമാണ്.
ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഡിസ്ടിക്ട് ക്രഡിറ്റ് പ്ലാന്‍ യോഗത്തില്‍ പ്രകാശനം ചെയ്തു. 5000 കോടി രൂപയുടെ വായ്പയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതില്‍ 93.60 ശതമാനം, 4680 കോടി മുന്‍ഗണനാ വായ്പയായി വിതരണം നടത്തുമെന്ന് ജില്ലാതല ബാങ്കിംഗ് അവേലാകനസമിതി അറിയിച്ചു.

3590 കോടി രൂപ കാര്‍ഷികവായ്പയായും 600 കോടി രൂപ കാര്‍ഷികേതര വായ്പയായും 490 കോടി രൂപ മറ്റ് മുന്‍ഗണനാ വിഭാഗത്തിലുമാണ്. കഴിഞ്ഞ വര്‍ഷത്തെ 4600 കോടിയില്‍ നിന്നും 8.70 ശതമാനം വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ ആര്‍.ബി.ഐ ലീഡ് ഡിസ്ടിക്ട് ഓഫീസര്‍ വി.വി വിശാഖ്., നബാര്‍ഡ് ഡി.ഡി.എം വി. ജിഷ, കാനറാ ബാങ്ക് കണ്ണൂര്‍ സൗത്ത് മേഖലാ ഡിവിഷണല്‍ മാനേജര്‍ കെ.രമേഷ,് ലീഡ് ഡിസ്ടിക്ട് മാനേജര്‍ ജി. വിനോദ്. തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.