തൃശൂർ : തൃശൂർ പൊന്നാനി കോൾപ്പാടത്ത് പതിനായിരം ഹെക്ടറിൽ ഇരുപൂ കൃഷിയിറക്കുക എന്ന ലക്ഷ്യം കൈവരിക്കുമെന്നും, അതിനായി നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്നുംകൃഷി വകുപ്പ്‌ മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

ഇരുപൂകൃഷി ആരംഭിച്ചതിൻ്റെ മൂന്നാം വർഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനവും 1.5 കോടി രൂപ ചിലവഴിച്ച് സ്ഥാപിച്ച സബ്മേഴ്സിബിൾ പമ്പിൻ്റെയും ട്രാൻസ്ഫോർമറിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പെട്ടി പറകൾക്ക് പകരം കൂടുതൽ കാര്യക്ഷമമായ സബ്മേഴ്സിബിൾ പമ്പുകൾ സ്ഥാപിക്കുന്നത് വഴി അതിവേഗം വെള്ളം പമ്പ് ചെയ്യുന്നതിനും വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്തുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാർ വന്നതിന് ശേഷം അമ്പതിനായിരം ഏക്കർ തരിശ് നിലത്ത് കൂടുതലായി കൃഷിയിറക്കാൻ സാധിച്ചു. എണ്ണായിരം ഹെക്ടറിൽ കരനെൽക്കൃഷി ആരംഭിച്ചു. നെല്ലുൽപ്പാദനത്തോടൊപ്പം ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. വർഷത്തിലെ പരമാവധി ദിവസവും കോൾപ്പാടത്ത് നിന്ന് വരുമാനം ലഭ്യമാക്കുന്നതിനായി നെൽക്കൃഷിക്ക് പുറമേ പയർക്കൃഷി, ചോളക്കൃഷി, മത്സ്യക്കൃഷി എന്നിവ പ്രോത്സാഹിപ്പിക്കും. എന്നാൽ നെൽക്കൃഷിയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുളള മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു. അരിമ്പൂർ മനക്കൊടി വെളുത്തൂർ ഉൾപ്പാടത്ത് വച്ച് നടന്ന യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൃഷി ഓഫീസർ മിനി.കെ.എസ് പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എ.എം,എം, സി. ഇ .ഒ .ഡോ. ജയകുമാരൻ.യു വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ.കെ.എസ്, ജില്ലാ പഞ്ചായത്തംഗം വി.എൻ.സുർജിത്ത്, അരിമ്പൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിമി ഗോപി, ഓപ്പറേഷൻ കോൾഡബിൾ ലെയ്സൺ ഓഫീസർ ഡോ.വിവൻസി.എ.ജെ, മനക്കൊടി വെളുത്തൂർ ഉൾപ്പാടം പ്രസിഡൻ്റ് വിജയൻ.പി.കെ, സെക്രട്ടറി പ്രഭാകരൻ എന്നിവർ പങ്കെടുത്തു. അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ സ്വാഗതവും കൃഷി ഓഫീസർ ലക്ഷ്മി കെ മോഹൻ നന്ദിയും പറഞ്ഞു.