എറണാകുളം: ജില്ലയിലെ തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ജില്ലാ നൈപുണ്യവികസന സമിതിയുടെ വെബ് പോര്‍ട്ടല്‍ ‘ തൊഴില്‍ജാലകം ‘ പ്രകാശനം ചെയ്തു. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് പോര്‍ട്ടല്‍ സൗജന്യമായി വികസിപ്പിച്ച് നല്‍കിയത്. ജില്ലയിലെ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍, പരിശീലകര്‍, വ്യവസായ ശാലകള്‍ എന്നീ വിവരങ്ങള്‍ ഏകോപിപ്പിച്ചാണ് https://thozhiljalakam-kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.

ജില്ലയിലെ തൊഴില്‍ ദാതാക്കള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലന മേഖലകള്‍ കണ്ടെത്തുന്നതിനും അത്തരം പരിശീലന പദ്ധതികള്‍ തയ്യാറാക്കി വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ തൊഴിലാളികളെ നല്‍കുന്നതിനും വെബ് പോര്‍ട്ടല്‍ അവസരം ഒരുക്കും. പോര്‍ട്ടല്‍ തയ്യാറാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് വിതരണം ചെയ്തു. ജില്ലാ വികസന കമ്മീഷ്ണര്‍ അഫ്സാന പര്‍വീണ്‍ തൊഴില്‍ജാലകം വെബ് പോര്‍ട്ടല്‍ പ്രകാശനം ചെയ്തു. വെബ് പോര്‍ട്ടലിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. സര്‍ക്കാര്‍ അംഗീകാരം നേടിയ ശേഷം പോര്‍ട്ടലിന്റെ പ്രവർത്തനം ആരംഭിക്കും.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ആദില്‍ മുഹമ്മദ്, മാളവിക മേനോന്‍, വരുണ്‍ കൃഷ്ണ, അമീന്‍ അസീസ്, ഇമ്മാനുവല്‍ ആന്‍റണി എന്നീ വിദ്യാര്‍ത്ഥികളാണ് വെബ് പോര്‍ട്ടസല്‍ തയ്യാറാക്കിയത്. ജില്ലയിലെ അഞ്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി പോര്‍ട്ടലുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള സന്നദ്ധതയും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വെബ് പോര്‍ട്ടല്‍ പ്രകാശന ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ വിനു തോമസ്, ജില്ലാ നൈപുണ്യവികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.