കണ്ണൂര്‍: സർഗ്ഗാത്മകതയുടെ സ്വതന്ത്രമായ ആഘോഷത്തെ ഭയപെടുന്ന ഭരണകൂടം ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഉൾപെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് മേൽ നിയന്ത്രണമേർപ്പെടുത്തുകയാണെന്ന് തലശ്ശേരി രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ഓപ്പൺ ഫോറം. സ്വയം നിയന്ത്രണമെന്ന ആശയത്തിലൂടെ ടെക്നോനാഷണലിസം നടപ്പിലാക്കി ഡിജിറ്റൽ പരമാധികാരം നിലനിർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഓപ്പൺ ഫോറത്തിൽ അഭിപ്രായമുയർന്നു.

എഫ്.എഫ്എസ് ഐ യുടെ ആഭിമുഖ്യത്തിൽ പ്രസന്നകുമാർ പവലിയനിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ ചലച്ചിത്ര അക്കാദമി ഗവേണിംഗ് ബോഡി അംഗം വി.കെ ജോസഫ് മോഡറേറ്ററായി. അക്കാദമി വൈസ് ചെയർപേഴ്സൺ ബീനാപോൾ, സംവിധായകൻ പുഷ്പേന്ദ്ര സിംഗ്, സംവിധായിക വിധുവിൻസെൻ്റ്, ചലച്ചിത്ര നിരൂപകൻ എൻ.പി സജീഷ് ,സംവിധായകനും ക്യാമറമാനമായ പ്രതാപ് ജോസഫ് എന്നിവർ പങ്കെടുത്തു.

കർക്കശമായ പരാതി പരിഹാര സംവിധാനങ്ങൾ ഉപാധിയാക്കി ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനാണ് നിയന്ത്രണങ്ങളെന്നും കേന്ദ്ര സർക്കാറിൻ്റെ ഉത്തരവ് വായിച്ച് കൊണ്ട് ബീനാ പോൾ പറഞ്ഞു.നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ കർക്കശമാക്കി സർഗാത്മകതയേയും സ്വാതന്ത്ര്യബോധത്തേയും ഹനിക്കുകയാണ് ഭരണകൂടമെന്ന് പുഷ്പേന്ദ്ര സിംഗ് പറഞ്ഞു.

ഭരണകൂടങ്ങൾക്കനിഷ്ടമുള്ള കാര്യങ്ങൾ ആവിഷ്കരിക്കുമ്പോൾ അതിനെ ചെറുക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നും ഇതിനോട് എന്ത് നിലപാട് കൈകൊള്ളണമെന്നത് കലാകാരന്മാർ ആലോചിക്കേണ്ട അസംബന്ധ കാലമാണിതെന്നും സംവിധായിക വിധു വിൻസെൻ്റ് അഭിപ്രായപെട്ടു. രാഷ്ട്രീയ അധികാരം നിലനിർത്താൻ ടെക്നോ നാഷണലിസത്തിലൂടെ ഡിജറ്റൽ പരമാധികാരം നടപ്പക്കാനാണീ നിയന്ത്രണങ്ങളെന്ന് എൻ.പി സജീഷ് പറഞ്ഞു.

ഒരു വശത്ത് സർഗ്ഗാത്മകതയെ നിയന്ത്രിക്കുന്ന സർക്കാർ മറുഭാഗത്ത് കച്ചവടത്തിൻ്റെ പേരിൽ എല്ലാം തുറന്നിടുകയാണെന്നും സജീഷ് പറഞ്ഞു. നിയന്ത്രണങ്ങൾ ഏറിയേറി സ്വയം സെൻസർഷിപ്പു നടത്തുന്ന ജനതയായി നാം മാറുന്ന കലാമാണിതെന്നും നമ്മുടെ കാഴ്ചാശീലങ്ങൾ മാറ്റിയെഴുതേണ്ടതുണ്ടെന്നും ക്യാമറമാൻ പ്രതാപ് ജോസഫ് പറഞ്ഞു.