കണ്ണൂര്‍: നാല് വ്യത്യസ്ത ഇടങ്ങളിലായി വ്യത്യസ്ത ദിനങ്ങളിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള പുതിയ തലമുറയിലെ സിനിമ സംവിധായകർക്കും ആസ്വാദകർക്കും നല്ല അവസരമാണ് നൽകുന്നതെന്നും ലോക സിനിമകളെ കൂടുതൽ ജനകീയമാക്കിയെന്നും പ്രമുഖ സംവിധായകൻ ജയരാജ് പറഞ്ഞു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം പ്രാദേശിക മേളകൾ കാഴ്ച സാധ്യതകളെ വർദ്ധിപ്പിക്കുന്നുണ്ടെന്നും സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് സഹായകമാവുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപെട്ടു.

കൊവിഡ് കാരണം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഓൺലൈൻ ചലച്ചിത്രമേളകൾ ഇതിനോടകം നടത്തിയിട്ടുണ്ടെങ്കിലും സാംസ്‌കാരിക കൂടിച്ചേരലുകൾക്കും സിനിമ ആസ്വാദനത്തിനും മാറ്റങ്ങൾ സൃഷ്ടിച്ചു. വിദേശ സിനിമ പ്രവർത്തകർക്ക് നമ്മുടെ നാട്ടിൽ വരാനും അതേപോലെ ഇന്ത്യൻ സംവിധായകർക്ക് വിദേശ നാടുകളിൽ പോയി സിനിമ സംസ്കാരം മനസ്സിലാക്കാനുള്ള അവസരമാണ് ഇത്തവണ നഷ്ടമായത്.

പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചലച്ചിത്രമേള വിജയകരമാണെന്നാണ് അനുഭവമെന്നും അദ്ദേഹം പറഞ്ഞു.ചെറിയ ബഡ്ജറ്റ് സിനിമകളുടെ സാധ്യതകളും പുതിയകാലത്തിന്റെ ആസ്വാദന രീതി മാറ്റിമറിച്ച ഒ ടി ടി പ്ലാറ്റ് ഫോമുകളുടെ അവസരങ്ങളും വലിയ സാധ്യതകളാണ് നൽകുന്നതെന്നും സിനിമയോടുള്ള അഭിനിവേശവും അർപ്പണബോധവുമാണ് വിജയത്തിലേക്കുള്ള വഴിയെന്നും ജയരാജ് സൂചിപ്പിച്ചു.