മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച്  ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തിരൂരങ്ങാടി ചെമ്മാട് തൃക്കുളം ഗവ ഹൈസ്‌കൂളിന് സമീപം സംഘടിപ്പിച്ച  ‘മുന്നേറുന്ന മലപ്പുറം’  ഫോട്ടോ-വീഡിയോ പ്രദര്‍ശനം  സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി സോമസുന്ദരന്‍ അധ്യക്ഷനായി. കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ജേതാവും കാഥികനുമായ തൃക്കുളം കൃഷ്ണന്‍കുട്ടി, തിരൂരങ്ങാടി നഗരസഭ കൗണ്‍സിലര്‍മാരായ കെ നദീറ, അലി, മുന്‍ കൗണ്‍സിലര്‍ ജൂലി, കൈറ്റ് കോര്‍ഡിനേറ്റര്‍ ടി.കെ റഷീദ്, അഡ്വ. ഇബ്രാഹിംകുട്ടി, കെ മൊയ്തീന്‍കോയ, കമ്മു കൊടിഞ്ഞി, കെപി അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബു സ്വാഗതവും അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ് നന്ദിയും പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരായ കെ പ്രവീണ്‍കുമാര്‍, ആതിര കിളിവായില്‍, കെഎസ് ആരതി, ഫോട്ടോഗ്രാഫര്‍ അബ്ദുല്‍ജലീല്‍, രജ്ഞിത്ത് എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും കോര്‍ത്തിണക്കിയ 120 ഫോട്ടോകളും 20 ലധികം ഹ്രസ്വവീഡിയോകളുമാണ് പ്രദര്‍ശിപ്പിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, പശ്ചാത്തല വികസനം, കുടിവെള്ള വിതരണം, ഊര്‍ജ്ജം, ടൂറിസം, പരിസ്ഥിതി സംരക്ഷണം തുടങ്ങി എല്ലാ മേഖലയുടെയും പുരോഗതി വ്യക്തമാക്കുന്നതാണ് പ്രദര്‍ശനം. മലപ്പുറം ജില്ലയുടെ സമസ്ത മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജനകീയ പദ്ധതികള്‍ എന്നിവ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലുള്ള പ്രദര്‍ശനം.