കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ ചേർന്ന വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു.. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിർമ്മിക്കാനും നിർദ്ദേശം നൽകി. ജില്ലയിലാകെ 3899 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഇതിൽ 3572 ബൂത്തുകളിൽ റാംപ് സൗകര്യം നിലവിലുണ്ട്. 327 ബൂത്തുകളിലാണ് പുതിയ റാംപുകൾ ഒരുക്കേണ്ടത്. 40 സർക്കാർ കെട്ടിടങ്ങളിലും 168 സ്വകാര്യ കെട്ടിടങ്ങളിലും 119 അധികമായി നിർമ്മിച്ച താല്കാലിക പോളിംഗ് ബൂത്തുകളിലും പുതിയ സജ്ജീകരണം ആവശ്യമാണ്. സർക്കാർ കെട്ടിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥിര റാംപ് തയാറാക്കാനും കളക്ടർ നിർദ്ദേശിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ റാംപുകളുടെ നിർമ്മാണം പൂർത്തിയാക്കും. ഒരു ബൂത്തിൽ കുറഞ്ഞത് ഒരു വീൽ ചെയറെങ്കിലും വേണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം കർശനമായി പാലിക്കും. അടുത്തുള്ള പാലിയേറ്റീവ് സെൻററുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വീൽ ചെയറുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

വൈദ്യുതി യില്ലാത്ത പോളിംഗ് ബൂത്തുകളിൽ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ വൈദ്യുതി എത്തിക്കാൻ നിർവാഹമില്ലാത്തതിനാൽ മേഖലയിൽ ജനറേറ്റർ എത്തിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഏതെങ്കിലും ബൂത്തുകളിൽ വാട്ടർ കണക്ഷൻ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി പുനസ്ഥാപിച്ചു നൽകും.

അഞ്ചിലധികം പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷൻ മാപ്പ് തയാറാക്കി സമർപ്പിക്കാനും വരണാധികാരികൾക്ക് നിർദ്ദേശം നൽകി. വോട്ടർമാർ വോട്ടു ചെയ്യുന്നതിനായി കയറേണ്ട വാതിൽ തിരച്ചിറങ്ങേണ്ട വാതിൽ, വിശ്രമ സ്ഥലം എന്നിവ കൃത്യമായി മാപ്പിൽ രേഖപ്പെടുത്തിയിരിക്കണം. ഒരാഴ്ചക്കുള്ളിൽ മാപ്പുകൾ തയാറാക്കി നൽകണം. സഹകരണത്തിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിളിച്ചു ചേർക്കാനും ഉദ്യോഗസ്ഥർ ബൂത്തുകൾ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്താനും കളക്ടർ നിർദ്ദേശിച്ചു. ഡെപ്യൂട്ടി കമീഷ്ണർ ഐശ്വര്യ ദോംഗ്റേ, ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ ജിയോ.ടി.മനോജ് എന്നിവരും പങ്കെടുത്തു.