കണ്ണൂർ:ജില്ലയിലെ രജിസ്റ്റർ ചെയ്ത റവന്യു , പൊലീസ് , തദ്ദേശ സ്വയംഭരണം, മുൻസിപ്പൽ കോർപറേഷൻ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കുമുളള കൊവിഡ് -19 വാക്‌സിനേഷൻ ഇന്ന് ( മാർച്ച് 1) മുതൽ വിവിധ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വെച്ച് നൽകും. തെരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ജീവനക്കാർ, അവരവരുടെ വീടിനടുത്തുള്ളതോ ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്തോ ഉള്ള വാക്‌സിൻ കേന്ദ്രങ്ങളിൽ നിന്ന് വാക്‌സിൻ സ്വീകരിക്കണം.

ആദ്യഘട്ടത്തിൽ 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഓൺലൈൻ വഴി രജിസ്റ്റര്‍ ചെയ്ത് വാക്‌സിൻ സ്വീകരിക്കാവുന്നതാണ്.
അടുത്ത ഘട്ടം മുതൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും 60 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിവരുന്നുണ്ട്.
പൊതുജനങ്ങൾ കൂട്ടം കൂടാതെയും സർക്കാർ നിർദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആകണം വാക്‌സിൻ സ്വീകരിക്കാൻ എത്തേണ്ടത്.
വാക്‌സിനെടുക്കാനായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുന്നവർ നിർബന്ധമായും ആധാര്‍ കാര്‍ഡോ, ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ രേഖയോ കൈയിൽ കരുതണം. 45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്പോട് രജിസ്ട്രേഷൻ സൗകര്യം പ്രാബല്യത്തിൽ വരുമ്പോൾ പൊതുജനങ്ങൾക്ക് അറിയിപ്പ് ലഭ്യമാക്കുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.