തെരഞ്ഞെടുപ്പു നടപടികളുമായി പൂര്‍ണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടര്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായി നടപ്പാക്കുന്നതിന് എല്ലാ സഹകരണവും നല്‍കണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അഭ്യര്‍ഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ രാഷ്ട്രീയ കക്ഷികള്‍ സൗഹാര്‍ദ സമീപനം സ്വീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നുകഴിഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍വന്ന് 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോര്‍ഡുകളും പോസ്റ്ററുകളും മറ്റു പരസ്യങ്ങളും നീക്കം ചെയ്യണമെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നുണ്ട്. ഈ നടപടികളോട് എല്ലാവരും സഹകരിക്കണം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ 1000 വോട്ടര്‍മാര്‍ക്കു മാത്രമാണു വോട്ട് അനുവദിക്കുക. നിലവില്‍ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 14 മണ്ഡലങ്ങളിലുമായി 1,428 ബൂത്തുകള്‍കൂടി അധികമായി തുറക്കും. നിലവിലുള്ള ചില ബൂത്തുകള്‍ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളില്‍ കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം ബൂത്ത് മാറ്റേണ്ട സാഹചര്യമുണ്ട്. ഇത് അതേ കോംപൗണ്ടില്‍ത്തന്നെ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു ശുപാര്‍ശ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.