കൊല്ലം: ജില്ലയില്‍ പൊതുജനങ്ങള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45-60 പ്രായപരിധിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കുമാണ് ഒന്നാം ഘട്ടത്തില്‍ നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമായി വാക്‌സിനെടുക്കാം. തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വാക്‌സിന്‍ ലഭിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. cowin.gov.in പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. നിലവില്‍ വാക്‌സിന്‍ വിതരണ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമില്ല. രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. തുടര്‍ന്ന് ലഭിക്കുന്ന ഒ ടി പി (ഒറ്റത്തവണ ഉപയോഗിക്കാവുന്ന കോഡ്) ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാലുപേര്‍ക്കു വരെ രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ പേര്, പ്രായം, തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തണം.

45-60 പ്രായപരിധിയിലുള്ളവര്‍ നിലവില്‍ നേരിടുന്ന ഗുരുതര ആരോഗ്യപ്രശ്‌നം വ്യക്തമാക്കണം. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയ രോഗങ്ങളുടെ പട്ടികയില്‍ ബാധകമായവ സെലക്ട് ചെയ്യാം. രജിസ്‌ട്രേഷന്‍ ഉള്ള ഡോക്ടറുടെ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പോര്‍ട്ടലില്‍ ലഭിക്കും. സംസ്ഥാനം, ജില്ല എന്നിവ തെരഞ്ഞെടുത്താല്‍ വാക്‌സിന്‍ ലഭിക്കുന്ന കേന്ദ്രവും കണ്ടെത്താം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വാക്‌സിനേഷന്‍ സംബന്ധിച്ച അറിയിപ്പ് എസ് എം എസ് ആയി ലഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുമായി വാക്‌സിന്‍ സ്വീകരിക്കാം. 45-60 പ്രായപരിധിയില്‍ ഉള്ളവര്‍ തിരിച്ചറിയല്‍ രേഖയ്‌ക്കൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.