– ലൈഫ് 1431 പേർ പുതിയ വീട്ടിലേക്ക്
– 2100 പേരുടെ ഭവനനിർമാണം തുടങ്ങുന്നു
– വേളിയിൽ 50 കോടി രൂപയുടെ ടൂറിസം പദ്ധതി
– തൈക്കാട് 28 കോടി രൂപ ചെലവിൽ ടൂറിസം ബിസിനസ് പാർക്ക്
– മടവൂർപ്പാറ ഏഴ് കോടി രൂപയുടെ ടൂറിസം പദ്ധതി; 
  നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
– കാൻസർ പരിശോധനയ്ക്ക് മൊബൈൽ യൂണിറ്റ്
– ആദിവാസി ഊരുകളിലെത്തി പരിശോധനയ്ക്ക് മൊബൈൽ യൂണിറ്റ്
പിണറായി വിജയൻ സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങളുടെ ഭാഗമായി 324 പേർക്ക് പട്ടയം വിതരണം ചെയ്യുമെന്ന് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വർഷങ്ങളായി പട്ടയം കാത്ത് കഴിഞ്ഞ തിരുവനന്തപുരം താലൂക്കിലെ 132 പേർക്കും നെയ്യാറ്റിൻകരയിലെ 156 പേർക്കും നെടുമങ്ങാട്, ചിറയിൻകീഴ് താലൂക്കുകളിലെ 11 പേർക്കു വീതവും കാട്ടാക്കടയിലെ ആറു പേർക്കും വർക്കലയിലെ എട്ടു പേർക്കും പട്ടയം വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ജില്ലയിൽ ലൈഫ് പദ്ധതിയിലൂടെ 3,519 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. ഭവനരഹിതരായ 1,431 കുടുംബങ്ങൾ വാർഷികാഘോഷകാലയളവിൽ പുതിയ വീടുകളിൽ താമസം തുടങ്ങും. ലൈഫ് വീടുകളുടെ താക്കോൽ വിതരണം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. ഭവനരഹിതരായ ഭൂമിയുള്ള 2100 പേർക്ക് വീടുവയ്ക്കുന്നതിനുള്ള ആദ്യഘട്ട സഹായധനവും ഇക്കാലയളവിൽ കൈമാറും. ആരോഗ്യവകുപ്പിന്റെ മൊബൈൽ കാൻസർ പരിശോധന യൂണിറ്റിന്റെയും ഊരുകളിലെത്തി ആരോഗ്യപരിശോധന നടത്തുന്ന പട്ടികവർഗ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റിന്റെയും പ്രവർത്തനങ്ങളും ആരംഭിക്കും. ജനോപകാരപ്രദമായ പദ്ധതികളുടെ ആരംഭവും പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഇക്കാലയളവിൽ നടക്കും.
മുഖ്യമന്ത്രിയുടടെ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടുവർഷം കൊണ്ട് ജില്ലയിൽ 20,395 പേർക്കായി 42.93 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. 2011 മുതൽ 16 വരെ അഞ്ചുവർഷം ജില്ലയിൽ വിതരണം ചെയ്തത് 69.93 കോടി രൂപയാണ്. ഓഖി ദുരിതബാധിതർക്ക് മുട്ടത്തറയിൽ 192 ഫ്‌ളാറ്റ് തയാറായി.
ടൂറിസം പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ മടവൂർപ്പാറയിൽ ഏഴ് കോടി രൂപയുടെ ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. 22 ഏക്കറിലാണ് പദ്ധതി നടപ്പാക്കുക. വേളിയിൽ സർക്കാർ – സ്വകാര്യ പങ്കാളിത്തത്തോടെ 50 കോടി രൂപയുടെ ടൂറിസം പദ്ധതി നടപ്പാക്കുന്നു.  21 വർഷം മുൻപ് ഏറ്റെടുത്ത് പ്രവൃത്തികളൊന്നും ഇതുവരെ നടത്താനാവാതെ കിടന്ന സ്ഥലത്താണ് 30 കോടി രൂപ ചെലവിൽ കൺവെൻഷൻ സെന്ററും ബജറ്റ് ഹോട്ടൽ, ടൂറിസം ഫെസിലിറ്റേഷൻ സെന്റർ എന്നിവയും നിർമിക്കുന്നത്. തിരുവനന്തപുരം ഗസ്റ്റ്ഹൗസിന് 20 കോടി രൂപ ചെലവിൽ പുതിയ ബ്ലോക്ക് നിർമിക്കും.  തൈക്കാട് 28 കോടി രൂപ ചെലവിൽ ടൂറിസം ബിസിനസ് പാർക്ക് സ്ഥാപിക്കും. വിവിധ സ്ഥലങ്ങളിൽ വാടകകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ടൂറിസം സ്ഥാപനങ്ങൾ ടൂറിസം ബിസിനസ് പാർക്കിലേയ്ക്ക് പ്രവർത്തനം മാറ്റും.  അഞ്ചു കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ആക്കുളം ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. ആധുനികരീതിയിലുള്ള കുട്ടികളുടെ പാർക്ക്, റസ്‌റ്റൊറന്റ്, കഫറ്റേരിയയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ജില്ലയിലെ 109 സഹകരണ ബാങ്കുകൾ/സംഘങ്ങൾ വഴി 1,62,000 ഗുണഭോക്താക്കൾക്ക് 207 കോടി രൂപ ക്ഷേമ പെൻഷനുകളായി അവരുടെ വീടുകളിൽ എത്തിച്ചു. കഴിഞ്ഞ വർഷം ജില്ലയിൽ നിർധനരായ രോഗികൾക്കാശ്വാസമായി  19 നീതി മെഡിക്കൽ സ്റ്റോറുകൾ കൂടി തുറന്നു. 7 നീതി സ്്‌റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു. ആർദ്രം പദ്ധതിയിലൂടെ ജില്ലയിലെ 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ഒരു വർഷത്തിനുള്ളിൽ 162.25 കോടിയുടെ റോഡ്, പാലം പദ്ധതികൾ പൂർത്തീകരിച്ചു. 687 കോടിയുടെ പുതിയ പദ്ധതികൾക്ക് രൂപരേഖയായി. പട്ടം 33 കെ.വി. സബ് സ്‌റ്റേഷൻ, കാട്ടാക്കട മിനി വൈദ്യുതി ഭവൻ നിർമാണം, ശ്രീകാര്യം ഗേൾസ് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, മണ്ണന്തല ബോയ്‌സ് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ  അടക്കം 96 നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും വാർഷികാഘോഷകാലയളവിൽ നടക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ ഡോ. കെ. വാസുകി പങ്കെടുത്തു.