കോഴിക്കോട്:  തരിശു രഹിതഭൂമി എന്ന ആശയമാണ് പേരാമ്പ്ര മണ്ഡലത്തെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും
നിന്നും വ്യത്യസ്തമാക്കുന്നത്. ആവളപാണ്ടി, വെളിയന്നൂര്‍ ചെല്ലി, നൊച്ചാട്, മേപ്പയ്യൂര്‍ തുടങ്ങി നിരവധി നല്ല കൃഷി മാതൃകകള്‍ പേരാമ്പ്രയില്‍ നിന്ന് കേരളത്തിന് സ്വീകരിക്കാനുണ്ടെന്നും മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച പ്രാദേശിക വികസനം പേരാമ്പ്ര മാതൃക സെമിനാര്‍ അഭിപ്രായപ്പെട്ടു. കൃത്യമായ നിരീക്ഷണം, ജനപങ്കാളിത്തം, നല്ല മേല്‍നോട്ടം, മികച്ച സാമ്പത്തിക സംവിധാനം തുടങ്ങി നിരവധി കൂട്ടുകളുണ്ട് ഈ വിജയഗാഥയ്ക്കു പിന്നില്‍.

സമഗ്രവികസനം, സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യത്തോടെ സാങ്കേതിക സംവിധാനങ്ങള്‍ കൃഷിവകുപ്പും കാര്‍ഷിക സര്‍വ്വകലാശാലയും ഒരുക്കിയതോടെ നാടിന് നല്ലൊരു മാതൃക ലഭ്യമായി. വികസനമിഷനുകള്‍ക്ക് ഒരു തുടര്‍ച്ചയുണ്ടാകാണമെന്നും ഭരണം മാറിയാലും അത് തുടരണമെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൃഷി ഒരു സംസ്‌കാരം എന്നതില്‍ നിന്ന് മാറി കച്ചവടമായെന്നും സെമിനാര്‍ അഭിപ്രായപ്പട്ടു. ജനങ്ങളുടെ സ്വപ്‌നം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന മിഷനാണ് പേരാമ്പ്ര മിഷന്‍. ആവളപാണ്ടി കൃഷി രീതിയിലൂടെ 1150 ഏക്കര്‍ സ്ഥലത്ത് കൃഷി ജനപങ്കാളിത്തത്തോടു കൂടി കൃഷി തിരിച്ചു കൊണ്ടു വരാന്‍ സാധിച്ചു. ഒരു ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നതിലൂടെ 5000 പേര്‍ക്ക് അന്നം നല്‍കാന്‍ കര്‍ഷകന് സാധിക്കുന്നു. ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിലൂടെ വരുമാനമെന്നതാണ് നൊച്ചാട് കേരളത്തിന് മുന്നില്‍ വെക്കുന്ന വികസനമാതൃക.

കോഴിമുട്ട ഉല്‍പാദനം, ഇറച്ചിക്കോഴി വളര്‍ത്തല്‍, പാല്‍ ഉല്‍പാദനം എന്നിവയിലൂടെ നൊച്ചാട് ജില്ലയ്ക്ക് നല്‍കുന്നത് ഒരു സമഗ്രകാര്‍ഷിക രീതിയാണ്. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണമാണ് ഇതിന് ലഭിച്ചത്. കാര്‍ഷിക കര്‍മ്മസേന സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ.ജയകുമാര്‍, തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എം.സലീം, ഡയറക്ടര്‍ ടെക്‌നിക്കല്‍ യു.എല്‍.സി.സി ഡോ. ടി.പി. സേതുമാധവന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുഭാഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.