സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സർക്കാർ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏർപ്പെടത്തി പൊതുഭരണ വകുപ്പ് സർക്കുലർ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ, എം.പി, എം.എൽ.എ, എക്‌സ് എം.പി, എക്‌സ് എം.എൽഎ, തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികൾ, ബോർഡ്, കോർപ്പറേഷൻ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവർ എന്നിവരുടെ താമസത്തിന് മുറി വാടക പൂർണ നിരക്കിൽ ഈടാക്കണം.

തുടർച്ചയായി പരമാവധി 48 മണിക്കൂർ വരെ മാത്രമേ മുറികൾ അനുവദിക്കൂ. ‘ഇസഡ്’ കാറ്റഗറിയിലുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് ലഭ്യമായ മുറികൾ അനുവദിക്കണം. അധികാരത്തിലിരിക്കുന്ന കക്ഷികൾക്കും മറ്റു കക്ഷികളിൽപ്പെട്ടവർക്കും സർക്കാർ അതിഥി മന്ദിരങ്ങളിൽ ലഭ്യമായ താമസ സൗകര്യങ്ങൾ നീതിയുക്തമായി അനുവദിക്കണം. സ്ഥാനാർഥികളോ കക്ഷികളോ അതിഥിമന്ദിരമോ കോൺഫറൻസ് ഹാളുകളോ പരിസരമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുവാനോ മാധ്യമസംവാദ വേദിയാക്കുവാനോ കൂട്ടം ചേരാനോ ഉപയോഗിക്കരുത്. സ്ഥാനാർഥികളുടെയോ കക്ഷികളുടെയോ ഓഫീസുകളായി സർക്കാർ അതിഥിമന്ദിരങ്ങൾ പ്രവർത്തിപ്പിക്കരുത്.

വോട്ടെടുപ്പ് പൂർത്തിയാകുന്നതിനു 48 മണിക്കൂർ മുമ്പ് മുതൽ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് മുറികൾ അനുവദിക്കരുത്. കാബിനറ്റ് പദവിയിലിരിക്കുന്നവരുടെ ഉപയോഗത്തിന് ടൂറിസം ഗ്യാരേജുകൾ, ന്യൂഡൽഹി കേരളഹൗസ് എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ അനുവദിക്കുമ്പോൾ ഔദ്യോഗിക യാത്രകൾക്കു മാത്രമാണ് ഉപയോഗിക്കാൻ അനുമതി.

നിയമസഭാ തിരഞ്ഞെടുപ്പ് സംഘാടന ചുമതലയിലുള്ള ജില്ലാ കളക്ടർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥർക്ക് മുറികൾ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. ഉദ്യോഗസ്ഥരിൽ നിന്നും ഔദ്യോഗിക നിരക്കിൽ മുറി വാടക ഈടാക്കണം. ക്രമീകരണങ്ങൾ ഏർപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിക്കുന്ന മാതൃകാ പെരുമാറ്റ ചട്ടത്തിലെ അനുബന്ധ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.