രാഷ്ട്രീയ പരസ്യം ഉടന്‍ നീക്കം ചെയ്യണം

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് ചട്ടം ഉറപ്പു വരുത്തുന്നതിന് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഡെപ്യൂട്ടി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ക്ലാര്‍ക്ക്, ഒ.എ, സിവില്‍ പോലീസ് ഓഫീസര്‍, വീഡിയോ ഗ്രാഫര്‍ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ടാകും. ദിവസവും എം.സി.സി നോഡല്‍ ഓഫീസര്‍ എഡിഎമ്മിന് സ്‌ക്വാഡ് റിപ്പോര്‍ട്ട് നല്‍കണം. പൊതു ഇടങ്ങളിലെ ചട്ട വിരുദ്ധ പരസ്യം നീക്കം ചെയ്യുന്നതിന്റെ ചെലവ് കണക്ക് അസി. ചെലവ് നീരിക്ഷകര്‍ക്കും ധനകാര്യ നോഡല്‍ ഓഫീസര്‍ക്കും നല്‍കും. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ഉറപ്പുവരുത്തേണ്ടത് സ്‌ക്വാഡിന്റെ ചുമതലയാണ്. സര്‍ക്കാര്‍ ഭൂമിയിലോ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമരെഴുത്ത്, പോസ്റ്റര്‍, കട്ട്ഔട്ട്, ബോര്‍ഡ്, പോസ്റ്റര്‍, ബാനര്‍, കൊടി തോരണങ്ങള്‍ എന്നിവ പാടില്ല. പൊതുസ്ഥലങ്ങളോ കെട്ടിടങ്ങളോ നിയമം കര്‍ശനമായി പാലിച്ചു വേണം സംഘടനകള്‍ക്ക് പ്രചാരണത്തിന് നല്‍കുവാന്‍. എല്ലാ സംഘടനകള്‍ക്ക് ഒരു പോലെ അവസരം ലഭിക്കുന്ന വിധത്തിലായിരിക്കണം അനുമതി നല്‍കേണ്ടത്. ഉടമസ്ഥരുടെ അനുമതിയോടെ മാത്രമേ സ്വകാര്യ സ്ഥലങ്ങളില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കുവാന്‍ പാടുള്ളൂ. നിരോധനമുളള സ്ഥലങ്ങളില്‍ ഒരു കാരണവശാലും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. സര്‍ക്കാര്‍ ഭൂമിയിലുളള ചുമരെഴുത്ത്, പോസ്റ്റര്‍ എന്നിവ ഉടന്‍ നീക്കം ചെയ്യണം. റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വിമാനത്താവളം, റെയില്‍വേ പാലങ്ങള്‍, റോഡിന് സമീപം എന്നിങ്ങനെയുളള രാഷ്ട്രീയ കക്ഷികളുടെ അനധികൃത പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യണം. അനുമതിയില്ലാതെ സ്വകാര്യ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള രാഷ്ട്രീയ പരസ്യങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവിട്ടു. ചട്ടവിരുദ്ധ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌ക്വാഡിനെ അറിയിക്കണം.

ദേവികുളം – 9496595621
ഉടുമ്പന്‍ചോല – 6238862782
തൊടുപുഴ- 9447066739
ഇടുക്കി- 9526853682
പീരുമേട് – 9447845263
#election2021
#idukkidistrict