പാലക്കാട്:  സ്വീപിന്റെ ഭാഗമായി കന്നി വോട്ടര്മാര്ക്ക് വോട്ടര്പ്പട്ടികയില് പേര് ചേര്ത്തുന്നത് സംബന്ധിച്ച് അവബോധം നല്കാന് അലങ്കരിച്ച വോട്ട് വണ്ടിയുടെ പര്യടനം നാളെ (മാര്ച്ച് 4) രാവിലെ 10 ന് കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര് മൃണ്മയി ജോഷി ശശാങ്ക് ഫ്ളാഗ് ഓഫ് ചെയ്യും. വോട്ടര്പട്ടികയില് പേര് ചേര്ക്കുന്നത് വിശദീകരിക്കുന്ന വീഡിയോയും സമ്മതിദാനവകാശം വിനിയോഗിക്കാന് ആഹ്വാനമായി ജില്ലാ ഇന്ഫര്മേഷന് ഓഫീസ് തയ്യാറാക്കിയ നഞ്ചിയമ്മയുടെ വീഡിയോയും വാഹന പര്യടനത്തില് സ്‌ക്രീനില് പ്രദര്ശിപ്പിക്കും. ജില്ലയിലെ വിവിധ കോളേജുകള്, യൂത്ത് ക്ലബുകള്, പൊതുസ്ഥലങ്ങള് എന്നിവിടങ്ങളില് പ്രദര്ശനം നടത്തും.
 കന്നി വോട്ടര്മാര്ക്ക് പേര് ചേര്ക്കാന് പ്രത്യേക രജിസ്ട്രേഷന് ബൂത്തുകള്
തിരഞ്ഞെടുപ്പിന് വിപുലമായ പ്രചാരം നല്കുന്നതിനായി തിരഞ്ഞെടുപ്പ് വിഭാഗം സ്വീപുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം വിവിധ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കോളേജുകള്, യൂത്ത് ക്ലബ്ബുകള് എന്നിവ കേന്ദ്രീകരിച്ച് 2021 ജനുവരി 1 ന് 18 വയസ്സ് കഴിഞ്ഞ എല്ലാവരുടെയും പേര് ചേര്ക്കാന് പ്രത്യേക രജിസ്ട്രേഷന് ബൂത്തുകള് മാര്ച്ച് 10 വരെ ഒരുക്കിയിട്ടുണ്ട്. ജനാധിപത്യം ശാക്തീകരിക്കാന് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് വെബിനാറുകള്, ചര്ച്ചകള്, സമ്മേളനങ്ങള്, പോസ്റ്റര്, മുദ്രാവാക്യ മത്സരങ്ങള് സംഘടിപ്പിക്കുന്നുണ്ട്.
കുറവ് വോട്ട് രേഖപ്പെടുത്തിയ പ്രദേശങ്ങളില് പ്രത്യേക ക്യാമ്പയിന്
കഴിഞ്ഞ പാര്ലമെന്റ് തിരഞ്ഞെടുപ്പില് കുറവ് വോട്ട് രേഖപ്പെടുത്തിയ പ്രദേശങ്ങള് കേന്ദ്രീകരിച്ച് പ്രത്യേക ക്യാമ്പയിന്, പൊറാട്ടുനാടകം, പാവക്കൂത്ത് തുടങ്ങിയ നാടന് കലകള് സംഘടിപ്പിക്കുമെന്ന് സ്വീപ് നോഡല് ഓഫീസറും നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്കുമാര് അറിയിച്ചു.
പര്യടനം നടത്തുന്ന കേന്ദ്രങ്ങള്
മാര്ച്ച് 4 – ആലത്തൂര്
മാര്ച്ച് 5 – നെന്മാറ
മാര്ച്ച് 6 – ചിറ്റൂര്
മാര്ച്ച് 7 – അട്ടപ്പാടി (മണ്ണാര്ക്കാട്)
മാര്ച്ച് 8 – മണ്ണാര്ക്കാട്
മാര്ച്ച് 9 – തൃത്താല, പട്ടാമ്പി
മാര്ച്ച് 10 – ഒറ്റപ്പാലം, ഷൊര്ണൂര്
മാര്ച്ച് 11 – കോങ്ങാട്, തരൂര്
മാര്ച്ച് 12- മലമ്പുഴ, പാലക്കാട്