ജില്ലയില്‍ ഡെങ്കിപനി ബാധിച്ച് മരണം സംഭവിക്കുകയും പലഭാഗങ്ങളിലും പനി ബാധിച്ച് ചികിത്സയ്ക്കായി രോഗികള്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ഡെങ്കിമരണം ഉണ്ടായ മാലോത്ത് ഈ മാസം 19 ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘം സന്ദര്‍ശിക്കും. ഇവിടെ ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍കരണം എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. ജില്ലയെ ആറ് മേഖലയായി തിരിച്ച് ഓരോ ബ്ലോക്കിലും ഓരോ കണ്‍വീനര്‍ ഉള്‍പ്പെടുന്ന ആയുര്‍വേദ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായും, ജനറല്‍ കണ്‍വീനറായി  ഡോ. മഹേഷിനെ (9447010126)   തെരെഞ്ഞെടുത്തതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍( ഇന്‍ ചാര്‍ജ്ജ്) ഡോ. എസ്. വിജയ അറിയിച്ചു.
മുന്‍കരുതലുകള്‍ :- പനി പടര്‍ന്നു പിടിക്കാതിരിക്കാനായി കൊതുക് നശീകരണത്തിന് അപരാജിത ധൂമചൂര്‍ണ്ണം  പുകയ്ക്കണം. കൂടാതെ തുളസി തുടങ്ങിയ ഔഷധ ഇലകള്‍ ഇട്ട്  തിളപ്പിച്ചാറിയ വെളളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു. കഴിവതും ഫാസ്റ്റ് ഫുഡ് ബേക്കറി മറ്റു കൃതിമ ശീതളപാനിയങ്ങള്‍ എന്നിവ ഒഴിവാക്കണം. പനി ബാധിച്ചവര്‍  സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ തൊട്ടടുത്ത ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആശുപത്രിയില്‍ ചികിത്സ തേടണം.