കേരള മീഡിയാ അക്കാദമി, വയനാട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ ഹൈസ്‌കൂള്‍-ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മാധ്യമ പഠനക്യാമ്പ് കല്‍പ്പറ്റയില്‍ തുടങ്ങി. ജില്ലയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന വി ജി വിജയന്‍ അനുസ്മരണത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ പക്ഷം ചേരണം. സാമൂഹികമായ ഉത്തരവാദിത്തമാണിത്. നേരിന്റെ പക്ഷം ചേരുന്നവര്‍ക്ക് മാത്രമാണ് ഈ രംഗത്ത് വിജയിക്കാന്‍ കഴിയുകയെന്നും  അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ അടുത്തറിയാനും കുട്ടികളില്‍ ഈ മേഖലയിലെ താല്‍പര്യം വളര്‍ത്തുന്നതിനും വേണ്ടിയാണ് ക്യാമ്പ്് സംഘടിപ്പിക്കുന്നത്. പത്രം-വീഡിയോ നിര്‍മാണത്തിനുള്ള പരിശീലനം, നവമാധ്യമങ്ങളെ പരിചയപ്പെടുത്തല്‍, ആനിമേഷന്‍, കാര്‍ട്ടൂണ്‍ എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമാണ്. കുട്ടികള്‍ പത്രം പ്രസിദ്ധീകരിക്കുകയും വീഡിയോ ന്യൂസ് നിര്‍മിക്കുകയും ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ വയനാട് പ്രസ്‌ക്ലബ്ബ് സെക്രട്ടറി പി ഒ ഷീജ അധ്യക്ഷത വഹിച്ചു. മീഡിയാ അക്കാദമി അസിസ്റ്റന്റ് സെക്രട്ടറി കെ ടി ശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുല്‍ ഖാദര്‍, വി ജി വിജയന്‍ അനുസ്മരണ സമിതി ജോയിന്റ് കണ്‍വീനര്‍ വിജയന്‍ മടക്കിമല, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് മാനന്തവാടി തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ പി വി മുരുകന്‍, കാര്‍ട്ടൂണിസ്റ്റ് ഇ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.