പ്രാദേശിക ടൂറിസം വികസനം കൂടുതല്‍ തൊഴില്‍ അവസരവും ഉപജീവന മാര്‍ഗവും നല്‍കുമെന്നും അതുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തിന് മുന്തിയ പരിഗണന നല്‍കുമെന്നും വൈദ്യതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. ജില്ലയിലെ അണക്കെട്ടുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രത്തിന്റെ വളര്‍ച്ച ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ഹെലികോപ്റ്റര്‍ യാത്ര, ഇടുക്കി ജലാശയത്തില്‍ ബോട്ട് സവാരി, വനയാത്ര, ട്രക്കിങ്ങ്, ആനസവാരി, കുതിരസവാരി, കളരിപ്പയറ്റ് പ്രദര്‍ശനം, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസിക്കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, കഥാപ്രസംഗം, കാര്‍ഷിക- ടൂറിസം വികസന സെമിനാറുകള്‍, ഡാന്‍സ്‌പ്രോഗ്രാമുകള്‍, പ്രതിഭാസംഗമം, ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും എന്നിവയ്ക്കുപുറമെ പ്രദര്‍ശന- വിപണന സ്റ്റാളുകളും ഭക്ഷണശാലകളും സന്ദര്‍ശകര്‍ക്കായി അഞ്ചുരുളിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 18,19,20 തീയതികളിലാണ് ഹെലികോപ്റ്റര്‍ യാത്രയ്ക്കുളള അവസരം. ഒരാള്‍ക്ക് 2700 രൂപ നിരക്കില്‍ ആകാശയാത്ര നടത്തി അഞ്ചുരുളിയുടെ സൗന്ദര്യം ആസ്വദിക്കാം.
ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളായ സാലിജോളി, മാത്യു ജോര്‍ജ്ജ്, കാഞ്ചിയാര്‍ രാജന്‍, വിജയകുമാരി ജയകുമാര്‍, ഫാ. ജോബി ചുള്ളിയില്‍, കെ.സി.ബിജു, ഷീനാ ജേക്കബ്  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 21ന് രാവിലെ 10ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായുളള കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സൗന്ദര്യോത്സവം 27 ന് സമാപിക്കും.