ഒരുകാലത്ത് വ്യാപകമായി നെല്‍കൃഷിക്കുപയോഗിച്ചിരുന്ന അപൂര്‍വ വിത്തുകളുടെ കലവറയൊരുക്കി കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രം ശ്രദ്ധേയമാകുന്നു. വിവിധ പൂവുകളിലെ കൃഷിക്ക് അനുയോജ്യമായ നെല്‍വിത്തുകള്‍ കാലത്തിന്‍റെ അനിവാര്യതയില്‍ നഷ്ടപ്പെടാതിരിക്കാനും ആവശ്യക്കാര്‍ക്ക് ഇരട്ടിപ്പിച്ചു നല്‍കാനും വേണ്ടിയാണ് അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ ഇത്രയും അധികം നെല്‍വിത്തുകളുടെ ശേഖരം സൂക്ഷിച്ചിരിക്കുന്നത്.
സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ‘സമഗ്ര’ ഉത്പന്ന വിപണന പ്രദര്‍ശന മേളയിലെ സ്റ്റാളിലാണ് അപൂര്‍വ നെല്‍വിത്തുകളുടെ ഈ കലവറ ഒരുക്കിയിരിക്കുന്നത്.
പൊന്നാര്യന്‍, ഗന്ധകശാല, ജീരകശാല, ആയിരംകണ, മുള്ളന്‍ കുറുവ, സുഗന്ധമതി, വെളുത്തരി തവളക്കണ്ണന്‍, ഇരുനാഴി, ഓണമൊട്ടന്‍, ഉരുണിക്കയ്മ, രോഹിണി, മസൂറി, കീര്‍വാണ, ചോമാല, വടക്കന്‍ ചിറ്റേനി, തൊണ്ടി, കവുങ്ങിന്‍ പൂത്താലി, കൈരളി, ബസ്മതി, എരവപാണ്ടി, കരിമ്പാലന്‍, കയ്മ, ചോറ്റുവെളിയന്‍, പാല്‍ വെളിയന്‍ തുടങ്ങി നാല്‍പതിലധികം നെല്‍വിത്തുകളാണ് സ്റ്റാളിലുള്ളത്. ഇതിനു പുറമെ ഇരുന്നൂറലധികം അപൂര്‍വ വിത്തുകളുടെ ശേഖരം അമ്പലവയല്‍ പ്രാദേശിക കേന്ദ്രത്തിലുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി.
കൂടാതെ മുള്ളാത്ത, വെണ്ണപ്പഴം, മുട്ടപ്പഴം, പനിനീര്‍ചാമ്പ (മലയന്‍ ആപ്പിള്‍) തുടങ്ങിയവയുടെ തൈകളും വിവിധ ഇനം പ്ലാവിന്‍ തൈകളും കാര്‍ഷിക സര്‍വകലാശാലയുടെ ഈ പ്രാദേശിക കേന്ദ്രത്തില്‍ വില്‍പനയ്ക്കും പ്രദര്‍ശനത്തിനുമായി തയ്യാറാക്കിയിട്ടുണ്ട്. മുന്തിരി, ഇഞ്ചി, പേരയ്ക്ക, പച്ചമാങ്ങ സ്ക്വാഷുകളും അച്ചാറുകളും സ്റ്റാളില്‍ നിന്നു ലഭ്യമാകും. വിത്തുകള്‍ക്കും മറ്റു വിവരങ്ങള്‍ക്കും അമ്പല വയല്‍ പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍: 04936 260561, 260421.