സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നവകേരളം 2018 മേളയില്‍ പട്ട് നൂല്‍ പുഴു കര്‍ഷകരുടെ സംഘടനയായ സില്‍ക്കോ സൊസൈറ്റിയുടെ സ്റ്റാളില്‍ ‘മണ്ണ് മുതല്‍ പട്ട് വരെ’ എന്ന പേരില്‍ പട്ട് നെയ്യുന്നതിന്റെ വിവിധ ഘട്ടങ്ങങ്ങളുടെ മാതൃക കാണികള്‍ക്ക് കൗതുകമാവുന്നു. കൂടാതെ പലതരം പട്ടുല്‍പ്പന്നങ്ങളെ സംബന്ധിച്ച വിവരങ്ങളും പട്ടുവസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് വ്യക്തമായ അവബോധവും നല്‍കുന്നു.
പട്ടുനൂല്‍കൃഷിയെ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി മള്‍ബറി-കൊക്കൂണ്‍ ഉല്‍പാദക സംഘമായ സില്‍കോയാണ് സ്ത്രീകളെയും യുവജനതയെയും ആകര്‍ഷിക്കുന്ന തരത്തില്‍ പട്ട് നെയ്യുന്നതിന്റെ മാതൃക അവതരിപ്പിക്കുന്നത്. മള്‍ബറിച്ചെടികള്‍ നട്ടുവളര്‍ത്തി അതിന്റെ ഇല തീറ്റയായി കൊടുത്ത് പട്ടുനൂല്‍പുഴുകളെ വളര്‍ത്തി കൊക്കൂണ്‍ ഉത്പ്പാദിപ്പിക്കുന്ന രീതിയാണിത്. അംഗീകൃത മുട്ടയുല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാക്കുന്ന രോഗവിമുക്തമായ മുട്ടക്കൂട്ടങ്ങള്‍ വിരിഞ്ഞിറങ്ങിയ പുഴുക്കല്‍ മള്‍ബറി ഇല തിന്ന് ശരാശരി 28 ദിവസം കൊണ്ടാണ് നൂല്‍ച്ചുറ്റി കൊക്കുണായി മാറുന്നത്. ഒരു കൊക്കൂണില്‍ നിന്ന് 1500 മീറ്റര്‍ നൂല്‍വരെ ഉല്‍പാദിപ്പിക്കും. കൊക്കുണിനകത്ത് പ്യൂപ്പ ദിശയിലുള്ള പുഴുവടക്കമാണ് പട്ടുനൂല്‍ എടുക്കാന്‍ വിപണിയിലെത്തിക്കുന്നത്.
കര്‍ഷകര്‍ക്ക് മാസംതോറും ആദായം ലഭിക്കുന്ന ഒന്നാണ് മള്‍ബറി കൃഷി. ഒരേക്കര്‍ സ്ഥലത്ത് 5000 മള്‍ബറി ചെടി വരെ നട്ടുപിടിപ്പിക്കാം. വെള്ളപ്പൊക്കം, വരള്‍ച്ച എന്നീ പ്രകൃതി ദുരന്തങ്ങളെ അതിജീവിപ്പിക്കാനുള്ള കഴിവും മള്‍ബറി ചെടിക്കുണ്ടെന്ന് കര്‍ഷകര്‍ അവകാശപ്പെടുന്നു. ഒരുതവണ നട്ടുപിടിപ്പിച്ച മള്‍ബറി തോട്ടത്തില്‍ നിന്നും 15 മുതല്‍ 20 വര്‍ഷം വരെ തുടര്‍ച്ചയായി വിളവെടുക്കാം. മള്‍ബറിത്തോട്ടം സജ്ജമായാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഘുവായി ചെയ്യാവുന്ന ജോലിയാണ് പട്ടുനൂല്‍ പുഴുക്കളെ വളര്‍ത്തല്‍. മുട്ടവിരിഞ്ഞ് കൊക്കൂണ്‍ ആകുന്നത് വരെയുള്ള 28 ദിവസത്തിനുള്ളില്‍ പടംപൊഴിക്കുന്ന അഞ്ചു ഘട്ടങ്ങളായുള്ള മാതൃകയാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.