വരള്‍ച്ചയെ മുന്‍കൂട്ടി കണ്ട് അമിതജല ഉപഭോഗം നിയന്ത്രിക്കാന്‍ തുള്ളിനന ജലസേചന പദ്ധതിയുടെ മാതൃകയൊരുക്കി പെരുമാട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്. സംസ്ഥാന മന്ത്രിസഭാ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നവകേരളം 2018-പ്രദര്‍ശന-വിപണന മേളയിലാണ് പദ്ധതിയുടെ മാതൃക ഒരുക്കിയിട്ടുള്ളത്.
ജില്ലയിലെ വരള്‍ച്ചാബാധിത പ്രദേശമായ ചിറ്റൂര്‍ മേഖലയിലെ പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളിലാണ് നെറ്റാഫിം എന്ന ഇസ്രായേല്‍ കമ്പനിയുമായി ചേര്‍ന്ന് തുള്ളിനന ജലസേചന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഉയര്‍ന്ന്, താഴ്ന്ന പ്രദേശങ്ങളിലെ സുരക്ഷിത കൃഷിയുടേയും വിത്ത്, വളം, കീടനിയന്ത്രണ ഉപാധികളെല്ലാം കൃത്യം അളവില്‍ നല്‍കുന്ന കൃത്യതാ കൃഷിയുടേയും പ്രധാന ഘടകമാണ് ഡ്രിപ്പ് ജലസേചന പദ്ധതി. ഇതിലൂടെ അമിതവൈദ്യുത ഉപഭോഗം നിയന്ത്രിക്കാമെന്നതും നേട്ടമാണ്. കേരളത്തില്‍ ഇത്തരത്തിലൊരു ജലസേചന പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. ഓരോ ചെടിക്കും ആവശ്യമായ വെളളം തുള്ളി നനയിലൂടെ നല്‍കുന്നതിലൂടെ അമിത ജല ഉപഭോഗം തടയാം എന്നതാണ് ഡ്രിപ്പ് പദ്ധതിയുടെ ഗുണം. കള വളര്‍ച്ച ഉണ്ടാവാതെ ജലത്തോടൊപ്പം മണ്ണിന്റെ ഘടന പരിശോധിച്ച് ആവശ്യമായ തോതില്‍ പൊട്ടാഷ്, നൈട്രജന്‍, ഫോസ്ഫേറ്റും തുള്ളി നനയിലൂടെ നല്‍കുന്നു. ആവശ്യത്തിന് മാത്രം വെള്ളം ലഭിക്കുന്നത് കൊണ്ട് വളര്‍ച്ച ത്വരിതഗതിയിലാകുന്നു.