കല്‍പറ്റ നിയോജകമണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയായ പച്ചപ്പിന്റെ  ഭാഗമായി  മണ്ഡലത്തിലെ മുഴുവന്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, കിടപ്പ് രോഗികള്‍ എന്നിവര്‍ക്ക്  മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റിലെ പഴശ്ശി ഹാളില്‍ ചേര്‍ന്ന നിയോജകതല കമ്മറ്റി രൂപൂകരണ യോഗത്തിലാണ് തീരുമാനം.  ജൂണ്‍ 24 ന് കല്‍പ്പറ്റയിലാണ് മെഡിക്കല്‍ ബോര്‍ഡ് ചേരുക. പഞ്ചായത്തുകള്‍ ജൂണ്‍ 5 നകം ഇവരുടെ ലിസ്റ്റ് സമാഹരിച്ച് നല്‍കണം. മണ്ഡലത്തിലെ കാപ്പി കൃഷിയുടെ ഉല്‍പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് ചെറുകിട കാപ്പി തോട്ടങ്ങളില്‍ മഴവെളളം സംഭരിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസംഭരണികള്‍ നിര്‍മ്മിക്കും.ഇതിന്റെ ഭാഗമായി മെയ് 28 ന് അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഏകദിന ശില്‍പശാല നടത്തും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍  വിഷയങ്ങളിലും എ പ്ലസ് നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ജൂണ്‍ 1 ന് ഉച്ചക്ക് 2 മണിക്ക് കല്‍പ്പറ്റയില്‍ മെറിറ്റ് മീറ്റ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, വൃക്ഷതൈകള്‍  എന്നിവയും മീറ്റില്‍  നല്‍കും.പച്ചപ്പ് പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 20,21,22തിയ്യതികളില്‍ കല്‍പ്പറ്റ ഫെസ്റ്റ് സംഘടിപ്പിക്കും. വിവിധ പ്രദര്‍ശനങ്ങള്‍,കലാപരിപാടികള്‍ തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
     സ്ഥപനങ്ങള്‍,വീടുകള്‍ എന്നിവടങ്ങളില്‍ നിന്ന് ജലാശയങ്ങളിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് പരിശോധിച്ച് നടപടിയെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്ന് എം.എല്‍.എ പറഞ്ഞു. പുഴ സംരക്ഷണത്തിന് പുഴയോരങ്ങളില്‍ വ്യാപകമായി മുള,ഈറ്റ തുടങ്ങിയ മരങ്ങള്‍ വെച്ച്പിടിപ്പിക്കും. ജൂണ്‍ 30 നകം പുഴ സംരക്ഷണത്തിനുളള പ്രോജക്ടുകള്‍ പഞ്ചായത്തുകള്‍ തയ്യാറാക്കി സമര്‍പ്പിക്കും. ഡിസംബര്‍  31 നകം പുഴയുടെ അതിര്‍ത്തി നിര്‍ണ്ണയവും പൂര്‍ത്തീകരിക്കും. റവന്യൂ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെയാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുക. പുഴ സംരക്ഷണത്തിന് അതാത് പഞ്ചായത്തുകളില്‍ പ്രത്യേക സംരക്ഷണ സേനയെ വ്യന്യസിക്കും. പദ്ധതിയുടെ വാര്‍ഡുതല കമ്മിറ്റികള്‍,നാട്ടുകൂട്ടം, വീട്ടുകൂട്ടം എന്നിവ ജൂലൈ 31 നകം രൂപികരിക്കാനും ആഗസ്റ്റ് ആദ്യവാരത്തില്‍ സംഗമം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ചെയര്‍മാനും  ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്  ജനറല്‍ കണ്‍വീനര്‍ ആയും പച്ചപ്പ് നിയോജകതല കമ്മറ്റി രൂപീകരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ അംഗങ്ങളായിരിക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, എ.ഡി.എം കെ.എം രാജു, ഹരിതകേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.