‘നിപ’ വയറസിനെ കുറിച്ച് അറിയാം, രോഗം വരാതെയിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാം. പാലക്കാട് മെഡിക്കല്‍ കോളെജിന്റെ സ്റ്റാളിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍. കേരള സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ‘നവകേരളം 2018’ന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള പ്രദര്‍ശന- വിപണന- സേവന മേളയിലാണ് പൊതുജനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളുമായി് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. നിപയ്ക്കെതിരെ ഭയമല്ല മറിച്ച് ജാഗ്രതയാണ് ആവശ്യമെന്ന സന്ദേശം നല്‍കാനും അതിനൊപ്പം അസുഖങ്ങള്‍ വരാതെ ശ്രദ്ധിക്കാനുമുള്ള അവബോധം സൃഷ്ടിക്കാനുമാണ് പാലക്കാട് മെഡിക്കല്‍ കോളേജിന്റെ സ്റ്റാളിലൂടെ ശ്രമിക്കുന്നത്.
മദ്യപാനം, പുകവലി തുടങ്ങിയവയിലൂടെ കരള്‍ രോഗങ്ങളും മറ്റും അസുഖങ്ങളും വരുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഇത്തരം ശീലങ്ങള്‍ ഉപേക്ഷിക്കാനുമുള്ള പ്രചരണവും സ്റ്റാളിലൂടെ നടത്തുന്നുണ്ട്. അസുഖം വരാതെയിരിക്കാന്‍ ബോധവല്‍കരണമാണ് ആവശ്യം. ഇതിനായി മദ്യപാനവും പുകവലിയും മൂലം ശരീരത്തിലൂണ്ടാവു മാറ്റങ്ങളെല്ലാം കണ്ട് മനസിലാക്കാനും ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പുകളുടെ ആവശ്യകതയും മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം മനസിലാക്കാനും സ്റ്റാളില്‍ സാധ്യമാണ്. പൊതുജനങ്ങളുടെ സംശയങ്ങള്‍ നിവാരണം ചെയ്യാന്‍ സദാസജ്ജമായി എംബിബിഎസ് വിദ്യാര്‍ഥികളും പാലക്കാട് മെഡിക്കല്‍ കോളേജിന്റെ സ്റ്റാളിലുണ്ട്.