അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര ഇളവ് അനുവദിക്കാന്‍ ജില്ലാ കലക്ടറുടെ ഡോ. പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേബറില്‍ ചേര്‍ന്ന ജില്ലാ സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്ല യാത്ര അന്തരീക്ഷം ഒരുക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പാരലല്‍ കോളേജുകള്‍ക്ക് അതാത് താലൂക്കുകളിലെ ആര്‍ടിഒ ഓഫീസില്‍ നിന്ന് കാര്‍ഡ് വിതരണം ചെയ്യും. ഇതിനായി സ്ഥാപന മേധാവികള്‍ നിശ്ചിത ഫോമില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. കോഴ്സ് കാലാവധിയ്ക്ക് അനുസരിച്ചാണ് കണ്‍സെഷന്‍ കാര്‍ഡ് വിതരണം ചെയ്യുകയെന്ന് ആര്‍ടിഒ ടി.സി. വിനോദ് പറഞ്ഞു.
വിദ്യാര്‍ഥികള്‍ കയറുന്നതിന് മുന്‍പ് ബസ് എടുക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സ്വകാര്യ ബസുകള്‍ യാതൊരു കാരണവശാലും കണ്‍സെഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ പാടില്ല. ബസ് സ്റ്റാന്റ് അടക്കമുള്ള പ്രധാന ഇടങ്ങളില്‍ വിദ്യാര്‍ഥികളുടെ യാത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊലീസിനെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.