* ക്ലീനിങ് ഡ്രൈവ് നടത്തും
* 31 ന് കലക്‌ട്രേറ്റ് ശുചീകരണം
* ലൈഫ് മിഷനിൽ 4,357 വീടുകൾ പൂർത്തിയായി

ജില്ലയിലെ സർക്കാർ ഓഫിസുകൾ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ജില്ലാ കലക്ടർ എസ് സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. ജൂൺ അഞ്ചിനു മുമ്പ് എല്ലാ ഓഫിസുകളും ഹരിത ഓഫിസുകളായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായുള്ള ജില്ലാതല പരിശീലനം പൂർത്തിയായി. ഓഫിസുകളിൽ ഗ്രീൻപ്രോട്ടോകോൾ ഓഫിസറെ നിയോഗിച്ച് ക്ലീനിങ് ഡ്രൈവ് നടത്തും. ഉപയോഗശൂന്യമായ ഫർണിച്ചറുകൾ ശേഖരിച്ച് ലേലം ചെയ്യും. ഇ-വേസ്റ്റ് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. സ്ഥലവിസ്തൃതിക്കനുസരിച്ച് പൂന്തോട്ടം, പച്ചക്കറി കൃഷി എന്നിവ തുടങ്ങും. ഓഫിസ് ക്ലീൻ ചെയ്യാത്ത ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയുണ്ടാവുമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. 31 നു രാവിലെ എട്ടുമുതൽ 10 വരെ കലക്ടറേറ്റ് ശുചീകരിക്കും. ഇതിന്റെ നടത്തിപ്പിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ചു. ശുചീകരണ യജ്ഞത്തിൽ എല്ലാ സർവീസ് സംഘടനകളും പങ്കാളികളവാണം. കൽപ്പറ്റ നഗരസഭയിലെ ഹരിതകർമസേനയെയും പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ജൂൺ അഞ്ചിനകം ഓഫിസുകൾ വൃത്തിയാക്കുന്നതിന് കൃത്യമായ പദ്ധതി തയ്യാറാക്കണമെന്നും എംഎൽഎ നിർദേശിച്ചു. കൽപ്പറ്റ മണ്ഡലത്തിൽ 86 സ്മാർട്ട് ക്ലാസ് മുറികൾ പൂർത്തിയാവാനുണ്ടെന്നും അദ്ദേഹം അറിയിച്ചു. 405 സ്മാർട്ട് ക്ലാസുകളിൽ 319 എണ്ണം ഇതിനകം പൂർത്തിയായി.

മഴക്കാലത്തോടനുബന്ധിച്ച് മുന്നൊരുക്കങ്ങൾ തുടങ്ങാൻ വികസനസമിതി നിർദേശിച്ചു. മാറ്റിപ്പാർപ്പിക്കേണ്ട കോളനികളുടെ ലിസ്റ്റ് ഉടൻ തയ്യാറാക്കണം. സുൽത്താൻ ബത്തേരി കാക്കത്തോട് കോളനിവാസികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി, പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളിലെ ജലസുരക്ഷയ്ക്കു വേണ്ടി കൃഷിവകുപ്പ് വയനാട് പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ അടങ്കലിൽ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതുവഴി ചണ്ണോത്തുകൊല്ലി പാടശേഖരത്തിലെ നെൽകൃഷിക്ക് ജലമെത്തിക്കുന്നുണ്ടെന്ന് ജില്ലാ മണ്ണുസംരക്ഷണ ഓഫിസർ പി യു ദാസ് യോഗത്തെ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിൽ 2.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള രണ്ടു ജലസംഭരണികൾ സ്ഥാപിച്ചിട്ടുണ്ട്. ചണ്ണോത്തുകൊല്ലി പാടശേഖരത്തിൽ ആറുമീറ്റർ വ്യാസമുള്ള കോൺക്രീറ്റ് കിണർ നിർമിച്ചു. ഈ കിണറിനെയും കന്നാരംപുഴയെയും സ്രോതസ്സാക്കി 20, 10, 12.5 എച്ച്പി ശേഷിയുള്ള മൂന്നു പമ്പ് സെറ്റുകൾ വഴിയാണ് പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്നത്. പുൽപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കുറിച്ചിപ്പറ്റ, ആലൂർകുന്ന്, വേലിയമ്പം എന്നിവിടങ്ങളിൽ രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള 10 ടാങ്കുകളും നാലു ചെക്ഡാമുകളെ സ്രോതസ്സാക്കി 20, 25, 30 എച്ച്പി ശേഷികളിലുള്ള മൂന്നു പമ്പ്‌സെറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ 156 ഏക്കർ വയലിലെ നെൽകൃഷിക്കും പച്ചക്കറി കൃഷിക്കുമായി ഇതുപയോഗിക്കുന്നു. അടുത്തമാസം തന്നെ ഇവ പാടശേഖരസമിതിക്ക് കൈമാറും. പമ്പ് സെറ്റുകൾക്കാവശ്യമായ വൈദ്യുതി ചാർജ് മുള്ളൻകൊല്ലി, പുൽപ്പള്ളി കൃഷിഭവനുകളിലെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മണ്ണുസംരക്ഷണ ഓഫിസർ അറിയിച്ചു.

ലൈഫ് മിഷനിലുൾപ്പെടുത്തി ജില്ലയിൽ പാതിവഴിയിൽ നിർമാണം നിലച്ച 4,357 വീടുകൾ പൂർത്തീകരിച്ചു. പട്ടികവർഗവികസന വകുപ്പ് 1,474, മുനിസിപ്പാലിറ്റികൾ 142, ജില്ലാ പഞ്ചായത്ത് 9, മൈനോരിറ്റി വെൽഫെയർവകുപ്പ് 6, പട്ടികജാതി വികസന വകുപ്പ് 30, ഗ്രാമപ്പഞ്ചായത്തുകൾ 991, ബ്ലോക്ക് പഞ്ചായത്തുകൾ 1,705 എന്നിങ്ങനെയാണ് പൂർത്തീകരിച്ച വീടിന്റെ കണക്ക്. മുനീശ്വരൻകോവിൽ ഭൂവിനിയോഗ അനുമതി ലഭിക്കുകയാണെങ്കിൽ ടൂറിസം വികസന പ്രവൃത്തികൾ ആരംഭിക്കുമെന്നു ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുറുമ്പാലക്കോട്ടയിൽ സർവേ നടപടികൾ പൂർത്തിയാക്കി അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം തുടങ്ങും. സുൽത്താൻ ബത്തേരി ടൗൺ സ്‌ക്വയർ നിർമാണം പൂർത്തിയായി. സുൽത്താൻ ബത്തേരി ഗവ. ഗസ്റ്റ് ഹൗസ് അഡീഷനൽ ബ്ലോക്കിന്റെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുകയാണെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

സ്വയംസന്നദ്ധ പുനരധിവാസ മേഖലകളായ നൂൽപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ മണിമുണ്ട, പാമ്പൻകൊല്ലി എന്നിവിടങ്ങളിൽ വൈദ്യുതീകരണ പ്രവൃത്തികൾ രണ്ടുമാസത്തിനകം പൂർത്തീകരിച്ച് കണക്ഷൻ നൽകുമെന്നു കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യം തടയുന്നതിന് തയ്യാറാക്കിയ സമഗ്ര പദ്ധതിയുടെ രൂപരേഖ നോർത്ത് വയനാട് ഡിഎഫ്ഒ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു. വൺസ്റ്റോപ് സെന്റർ പ്രവർത്തനം ജൂണിൽ ആരംഭിക്കത്ത വിധത്തിൽ പുരോഗമിക്കുകയാണെന്ന് ഐസിഡിഎസ് പ്രോഗ്രാം ഓഫിസർ അറിയിച്ചു. കാരാപ്പുഴ പുനരധിവാസ പുരോഗതി, എല്ലാ പഞ്ചായത്തുകളിലും പട്ടികവർഗ വിഭാഗക്കാർക്ക് ശ്മശാനം, നൂൽപ്പുഴ ഭവനനിർമാണ സൊസൈറ്റിക്ക് സഹായം എന്നിവയെക്കുറിച്ച് യോഗം ചർച്ച ചെയ്തു. എ.ഡി.എം കെ എം രാജു, കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സൺ സനിതാ ജഗദീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസർ ഏലിയാമ നൈനാൻ , ജനപ്രതിനിധികൾ, വകുപ്പുതല മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.