തിരുവനന്തപുരം ജില്ലയിലെ 111 ആയുർരക്ഷാ ക്ലിനിക്കുകളിൽ ആയുർവേദ കോവിഡ് ചികിത്സാ പദ്ധതിയായ ഭേഷജത്തിന്റെ സേവനം ലഭ്യമാണെന്ന് ആയുർവേദ വിഭാഗം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഷീല മേബിലറ്റ് അറിയിച്ചു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളുള്ള കാറ്റഗറി എ വിഭാഗത്തിലെ രോഗികൾക്കാണ് പദ്ധതിയിലൂടെ ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറികളിൽ നിന്നും ഔഷധങ്ങൾ നൽകുന്നത്. കഴിഞ്ഞ നവംബറിൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ഇതുവരെ അറുപത്തി അയ്യായിരത്തോളം രോഗികൾ ഭേഷജം പദ്ധതിയുടെ ഭാഗമായി.
പനി, ജലദോഷം, തൊണ്ടവേദന, ദേഹം വേദന, ചുമ, തലവേദന, രുചിയില്ലായ്മ, മണം അറിയാതിരിക്കുക, ശ്വാസം മുട്ടൽ, വിശപ്പില്ലായ്മ, വയറിളക്കം, ശ്വാസതടസ്സം, പരിഭ്രാന്തി, ഛർദ്ദി എന്നിവയ്ക്കുള്ള മരുന്നുകളാണ് ഭേഷജത്തിലുള്ളത്.

കോവിഡ് നെഗറ്റീവ് ആകുന്നവർക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പുനർജനി പദ്ധതിയും എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കിയിട്ടുണ്ട്.
രോഗികൾക്ക് വിളിക്കാനും പൊതുജനങ്ങൾക്ക് വിവരങ്ങൾ അന്വേഷിക്കാനും വർക്കല ആയുർവേദ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് 24 മണിക്കൂറും കാൾ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഫോൺ: 0470-2605363.