കോവിഡ് 19 മായി ബന്ധപ്പെട്ട ദുരിതാശ്വാസ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി നികുതി ഇളവു നൽകി കേന്ദ്രസർക്കാർ ഉത്തരവായ സാഹചര്യത്തിൽ ഇറക്കുമതിക്ക് സംസ്ഥാന സർക്കാർ പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി പ്രവാസികളിൽ നിന്ന് അനേകം അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന  സാഹചര്യത്തിൽ വ്യവസായ, നോർക്ക വകുപ്പ്  പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക സെൽ രൂപീകരിച്ചു.

ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണർ എസ്. കാർത്തികേയൻ, കേരളാ ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കോളീജിയേറ്റ് എജുക്കേഷൻ ഡയറക്ടർ, വി. വിഘ്‌നേശ്വരി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നോർക്ക റൂട്ട്‌സ് ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരാണ് പ്രത്യേക സെല്ലിലെ മറ്റ് അംഗങ്ങൾ. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ആയിരിക്കും വിദേശ ദാതാക്കളിൽ നിന്നും കോവിഡ് ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ സ്വീകരിക്കുക.  ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ സമാഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ നോർക്കാ റൂട്ട്‌സിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ കയറ്റിറക്ക് സുഗമമാക്കാൻ പ്രവാസി അസോസിയേഷനും മറ്റ് വിദേശ ദാതാക്കൾക്കുമായി നോർക്കാ റൂട്ട്‌സ് എസ്.ഒ.പി. പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ഉൽപ്പന്നങ്ങൾ നൽകാൻ തയ്യാറായുള്ള ദാതാക്കൾ/ പ്രവാസി അസോസിയേഷനുകൾ സമ്മതമറിയിച്ചുള്ള കത്ത്   ceo.norka@kerala.gov.in  എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് മെഡിക്കൽ കോർപ്പറേഷൻ, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ കേന്ദ്രസർക്കാർ ഉത്തരവിൽ ഉൾപ്പെട്ടവയാണെങ്കിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിദേശ ദാതാവിനെ അംഗീകരിച്ചു എന്ന് കാണിച്ചുകൊണ്ടുള്ള ഒരു കത്ത് ദാതാവിനും ജി.എസ്.ടി സ്പെഷ്യൽ കമ്മീഷണർക്കും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനും, അയക്കുന്നതായിരിക്കും.

അംഗീകരിച്ചുള്ള കത്തിൽ കമ്പനി തിരിച്ചറിയൽ നമ്പർ, ഇറക്കുമതി/ കയറ്റുമതി സർട്ടിഫിക്കറ്റ് നമ്പർ, നോഡൽ ഓഫീസറുടെ വിലാസം, ഫോൺ  നമ്പർ, അനക്ഷ്വർ ‘എ’ (കോവിഡ് 19 ദുരിതാശ്വാസ ഉൽപ്പന്നങ്ങളുടെ നികുതി ഇളവ് സംബന്ധിച്ച വിവരങ്ങൾ) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടാവും. അനക്ഷ്വർ ‘എ’ യിലെ സീരിയൽ നമ്പർ 1, 2, 3, 4,  6 എന്നീ വിവരങ്ങൾ  വിദേശ ദാതാവ് പൂരിപ്പിക്കുകയും സെൽഫ് ഡിക്ലറേഷൻ കോപ്പിയോടൊപ്പം   covidreliefkerala@gmail.comceo.norka@kerala.gov.in   എന്നീ വിലാസത്തിലേക്ക് അയക്കുകയും ചെയ്യണം.

അനക്ഷ്വർ ‘എ’ യിലെ  ആറാം നമ്പർ കോളത്തിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന് പൂരിപ്പിക്കേണ്ടതാണ്. ഇതോടൊപ്പമുള്ള  സീരിയൽ നമ്പർ 5, 7, 8 എന്നിവയുടെ വിവരങ്ങൾ  പൂരിപ്പിക്കേണ്ടതില്ല. അനക്ഷ്വർ  ‘ബി’ ജിഎസ്ടി സ്‌പെഷ്യൽ കമ്മീഷണർ, കസ്റ്റംസ് കമ്മീഷണർക്കും വിദേശ ദാതാക്കൾക്കും കെ.എം.എസ്.സി.എൽനും നോർക്കാ റൂട്ട്‌സിനും കൈമാറും. ദുരിതാശ്വാസ ഉൽപ്പന്നങ്ങൾ കൈമാറുന്ന ദാതാവ് കാർഗോ വിവരങ്ങൾ കെ.എം.എസ്.സി.എൽ നും നോർക്ക റൂട്ട്‌സിനും കൈമാറണം. ഇവ ലഭിക്കുന്ന മുറയ്ക്ക് കെ.എം.എസ്.സി.എൽ കസ്റ്റംസുമായി ചേർന്ന് മറ്റുകാര്യങ്ങൾ ഏകോപിപ്പിക്കും. കെ.എം.എസ്.സി.എൽ  നോർക്ക-റൂട്ട്സിനും സ്റ്റേറ്റ് നോഡൽ ഓഫീസർക്കും 24 മണിക്കൂറിനകം ഉൽപ്പന്നങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

താഴെപ്പറയുന്ന ഉൽപ്പന്നങ്ങൾക്കാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭ്യമാകുന്നത്.

റംഡേസിവർ  (Remdesivir)  ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, ബീറ്റ സൈക്ലോഡെക്‌സ്ട്രിൻ  (Cyclodextrin) (SBEBCD), , റംഡേസിവർ  (Remdesivir) ഇൻജക്ഷൻ, ഫ്‌ളോ മീറ്റർ, റെഗുലേറ്റർ, കണക്ടർ, ട്യൂബിങ് എന്നിവ ഉൾപ്പെടുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ, മെഡിക്കൽ ഓക്‌സിജൻ, വാക്വം പ്രഷർ, സ്വിങ് അപ്‌സോബ്ഷൻ  (VPSA), പ്രഷർ സ്വിങ്, അബ്‌സോർബ്ഷൻ ഓക്‌സിജൻ പ്ലാന്റ്   (PSA),   ക്രയോജനിക് ഓക്‌സിജൻ എയർ സെപ്പറേഷൻ യൂണിറ്റുകൾ  (ASU),  ലിക്വിഡ്/ ഗ്യാസ് ഓക്‌സിജൻ ഉൽപ്പാദിപ്പിക്കുന്നവ, ഓക്‌സിജൻ കാനിസ്റ്റർ, ഓക്‌സിജൻ ഫില്ലിംഗ് സിസ്റ്റം, ഓക്‌സിജൻ സ്റ്റോറേജ് ടാങ്കുകൾ,  ഓക്‌സിജൻ ജനറേറ്റർ, ഓക്‌സിജൻ കയറ്റുമതിയ്ക്കുള്ള ഐ.എസ്.ഒ കണ്ടൈനറുകൾ, ക്രയോജനിക് ഓക്‌സിജൻ റോഡ് ട്രാൻസ്‌പോർട്ട് ടാങ്കുകൾ, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉൾപ്പെടുന്ന ഓക്‌സിജൻ സിലിണ്ടറുകൾ, ഓക്‌സിജൻ ഉൽപ്പാദിപ്പിക്കാവുന്ന ഉപകരണങ്ങൾ, കംപ്രസറുകൾ ഉൾപ്പെടുന്ന വെന്റിലേറ്ററുകൾ, ട്യൂബിങുകൾ, ഹ്യൂമിഡിഫയറുകൾ, വൈറൽ ഫിൽറ്ററുകൾ, ഹൈഫ്‌ളോ നേസൽ ക്യാനുല ഉപകരണങ്ങൾ, നോൺ ഇൻവാസീവ് വെന്റിലേഷനുള്ള ഹെൽമ്മറ്റുകൾ, ഐ.സി.യു വെന്റിലേറ്ററുകൾക്ക് വേണ്ടിയുള്ള നോൺ ഇൻവാസീവ് വെന്റിലേഷൻ ഓറോനേസൽ മാസ്‌ക്, നേസൽ മാസ്‌ക്, കോവിഡ് 19 വാക്‌സിൻ, ഇൻഫ്‌ളമേറ്ററി ഡയഗനോസ്റ്റിക് കിറ്റുകൾ  (IL6),   ഡി-ഡൈമർ, സി.ആർ.പി (സി-റിയാക്ടീവ് പ്രോട്ടീൻ), എൽ.ഡി.എച്ച് (ലാക്ടേറ്റ് ഡി-ഹൈഡ്രോജനീസ്), ഫെറിട്ടിൻ, പ്രോ കാൽസിസ്റ്റോണിൻ (പി.സി.റ്റി), ബ്ലഡ് ഗ്യാസ് റീഏജന്റുകൾ എന്നീ ഉൽപ്പന്നങ്ങൾക്കാണ് നികുതി ഇളവ് ലഭ്യമാക്കിയത്. കൂടുതൽ വിവരങ്ങൾക്ക്:   covidreliefkerala@gmail.com,   8330011259.