നിപാ വൈറസ് ബാധിച്ച് ബാലുശ്ശേരിയില്‍ ഒരാള്‍ കൂടി മരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പുരുഷന്‍ കടലുണ്ടി എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍ സരിത എന്നിവരുടെ നേതൃത്വത്തില്‍ ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നു. രോഗം ബാധിച്ച് മരിച്ച ഇസ്മയിലും റസിനും ചികിത്സ തേടിയ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പരിസര പഞ്ചായത്തുകളിലും സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും നടപടികളെകുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
രോഗം സംബന്ധിച്ച് നല്ല രീതിയിലുള്ള ജാഗ്രത പുലര്‍ത്തുന്നതോടൊപ്പം വ്യക്തിഗതമായ ആരോഗ്യം സംരക്ഷിക്കുന്നതും രോഗ വ്യാപനം തടയാന്‍ ഉപകരിക്കുമെന്ന് പുരുഷന്‍ കടലുണ്ടി എം.എല്‍.എ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നിരീക്ഷണ പട്ടികയിലായതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത, അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ റേഷനും മറ്റ് സഹായങ്ങളും നല്‍കുന്നതിനുള്ള നടപടികള്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നുണ്ട്. ഇതിനായി ഗ്രാമ പഞ്ചായത്തുകള്‍ പട്ടിക തയ്യാറാക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കും. വിവാഹം പോലുള്ള ആളുകളുടെ കൂടിച്ചേരലുകള്‍  പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും പുരുഷന്‍ കടലുണ്ടി എം.എല്‍.എ ആവശ്യപ്പെട്ടു.
രോഗികളുമായി നേരിട്ട് ഇടപെട്ടവര്‍ സ്വയം  മാറി നില്‍ക്കാന്‍ തയ്യാറാകണമെന്ന് ഡി.എം.ഒ  ഡോ. വി ജയശ്രീ നിര്‍ദ്ദേശിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ 0495 2381000 എന്ന നമ്പറില്‍ വിളിച്ച് വിവരം അറിയിക്കണം. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സും പരിശീലനം നല്‍കിയ ഡ്രൈവര്‍മാരെയും സജ്ജമാക്കിയിട്ടുണ്ട്. നിപാ രോഗബാധിതര്‍ക്ക് ചികിത്സ നല്‍കുന്ന പ്രധാന കേന്ദ്രമായി കോഴിക്കോട് മെഡിക്കല്‍ കോളജ് മാറിയതിനാല്‍ ഇവിടേക്കുള്ള മറ്റ് രോഗികളുടെ വരവ് നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
കോട്ടൂര്‍ പഞ്ചായത്തിലും പരിസരങ്ങളിലും കൂട്ടായശ്രമങ്ങളിലൂടെ ബോധവത്കരണം നടത്താനും ആശങ്കയകറ്റാന്‍ മെഡിക്കല്‍ സംഘം  പ്രദേശത്ത്  സന്ദര്‍ശനം നടത്താനും നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. പി ശ്രീജ, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രന്‍, കോട്ടൂര്‍ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ അബ്ദുല്‍ഗഫൂര്‍, വിവിധ രാഷ്ട്രീയ പാര്‍ടി  പ്രതിനിധികളായ ഇസ്മയില്‍ കുറുമ്പൊയില്‍, എന്‍.പി രാമദാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.