വിരലമര്‍ത്തിയാല്‍ ചിത്രങ്ങള്‍ വിതറും കുടകള്‍

ഈ അധ്യയന വർഷത്തിൽ അയ്യന്തോൾ ഗവ. ഹൈസ്‌കൂളിലെ 112 കുട്ടികൾക്ക് ലഭിച്ചത് വിരലൊന്ന് അമത്തിയാൽ വർണ്ണങ്ങൾ വാരിവിതറുന്ന ചിത്രക്കുടകൾ. പൂക്കളും മരങ്ങളും പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുമൊക്കെ നിറയുന്ന ചിത്രക്കുടകൾ കൊച്ചുകൂട്ടുകാരുടെ സ്വപ്നങ്ങൾക്ക് നിറംപകരാനെന്നോണം വരച്ചുനൽകി അവർക്ക് സമ്മാനിച്ചതാകട്ടെ കേരള ലളിതകലാ അക്കാദമി. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ‘ചിത്രത്തണൽ ചിത്രക്കുട’ എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി തന്നെ ഒരു സംരംഭം കേരള ലളിതകലാ അക്കാദമി ഒരുക്കിയത്. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി അയ്യന്തോള്‍ ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ വിവിധ ആഘോഷങ്ങള്‍ക്കിടയിലാണ് മുഖ്യാതിഥിയായ കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ കുട്ടികള്‍ക്ക് കുടകള്‍ നല്‍കി യത്. പ്രത്യേകം തയ്യാറാക്കിയ വര്‍ണ്ണക്കുടകളില്‍ ഒട്ടേറെ കലാകാരന്മാരാണ് ചിത്രംവരച്ചത്. അഴകാര്‍ന്ന നിറത്തില്‍, അതിനിണങ്ങുന്ന ചിത്രങ്ങളാണ് അവര്‍ വരച്ചത്. വെയിലിലും മഴയിലും മങ്ങാത്ത നിറത്തിലാണ് കുടകളില്‍ നിറക്കൂട്ടൊരുക്കിയിരിക്കുന്നത്. ഒ.സി മാര്‍ട്ടിന്‍, കെ.ജി. ആന്‍റോ, പി.ബി. ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടകളിലെ ‘ചിത്രപ്പണികള്‍’. ഇവര്‍ക്കൊപ്പം പി.ആര്‍. ജയകൃഷ്ണന്‍, ആഷിക് എം. സജീവ്, കെ.ബി.അനന്തകൃഷ്ണന്‍, സി.ജി. ഗോകുല്‍, സി.എസ്. അപര്‍ണ, അക്ഷയ്കുമാര്‍, കെ.ബി. ആതിര, കെ.ബി. ആന്‍റോ, പി.വി. പത്മപ്രിയ എന്നിവരും ചേര്‍ന്നു. തൃശൂര്‍ ഫൈന്‍ ആര്‍ട്സ്, ഗുരുവായൂര്‍ ചുവര്‍ചിത്രകലാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയിലെ കലാകാരന്മാരാണ് ഇവര്‍. കുടകള്‍ തയ്യാറാക്കുന്നതിനായി 80,000 രൂപയോളമാണ് ചെലവഴിച്ചത്.
ചിത്രക്കുടകള്‍ സമ്മാനിക്കുന്നതിനു മുന്‍പ് സകൂള്‍ അങ്കണത്തില്‍ കുട്ടികളുടെ ചിത്രങ്ങളും ചിത്രകാരന്മാര്‍ വരച്ചുനല്‍കി. ഏറെ കൗതുകത്തോടെയാണ് തങ്ങളെ വരയ്ക്കുന്നത് അവര്‍ കണ്ടത്. മറ്റുകുട്ടികള്‍ക്കും ഇത് ആവേശമായി. ഒപ്പം നാടന്‍പാട്ട് അവതരണവും നടന്നു. ചിത്രക്കുടകള്‍ ലഭിച്ചതിനെ തുടര്‍ന്ന് കൃഷിവകുപ്പുമന്ത്രിയും കുട്ടികളും കൂടി കുറേസമയം സൗഹൃദം പങ്കിട്ടു. മന്ത്രിക്കൊപ്പം സദ്യ കൂടി ഉണ്ണാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയതും അവരില്‍ ആഹ്ലാദം നിറച്ചു.
പ്രവേശനോത്സവം വേറിട്ട ഒരനുഭവമാക്കി മാറ്റാനും ചിത്രകലയില്‍ കുട്ടികളുടെ താത്പര്യം വളര്‍ത്താനുമാണ് ഇത്തരമൊരു പരിപാടികൊണ്ടുദ്ദേശിക്കുതെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ പറഞ്ഞു. അടുത്ത വര്‍ഷം ചിത്രത്തണല്‍ ചിത്രക്കുട പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃഷിവകുപ്പുമന്ത്രിക്ക് ഒരു ചിത്രക്കുടയും ലളിതകലാ അക്കാദമിയുടെ വകയായും ചടങ്ങില്‍ സമര്‍പ്പിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ്, അയ്യന്തോള്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ലീല, ഹൈസ്കൂള്‍ വിഭാഗം ഇന്‍ചാര്‍ജ് എം. ജയലക്ഷ്മി ടീച്ചര്‍, എല്‍.പി വിഭാഗം പ്രധാനാധ്യാപിക ജി.കെ. പ്രേമകല, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സുരേഷ് ജേക്കബ്, പി.ടി.എ. പ്രസിഡണ്ട് പ്രകാശന്‍, അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി. സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.