തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനും പുതിയ പരീക്ഷണങ്ങൾക്കും സംരംഭങ്ങൾക്കും അഭിനന്ദനവുമായി കേന്ദ്ര ധനകാര്യ കമ്മീഷൻ. തൃശൂർ ജില്ലയിൽ നടത്തിയ സന്ദർശനത്തിലാണ് ധനകാര്യ കമ്മീഷൻ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവീനവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. കുടുംബശ്രീയുടെ കൊരട്ടിയിലുള്ള ശ്രീശൈലം ന്യൂട്രിമിക്സ് യൂണിറ്റ്, കോടാലി ഗവ.എൽ.പി. സ്കൂൾ, വടക്കാഞ്ചേരി ഗ്രീൻ ആർമി, കുന്നംകുളം നഗരസഭ ജൈവവള ഉല്പാദന കേന്ദ്രം എന്നിവയാണ് കമ്മിഷൻ സന്ദർശിച്ചത്.
വടക്കാഞ്ചേരിയിലെ ഗ്രീൻ ആർമിയുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ സംഘത്തിന് സാധിച്ചു. നെൽവയലിലെ സ്ത്രീ കൂട്ടായ്മയുടെ യന്ത്രസഹായത്തോടെയുള്ള നടീലും, തെങ്ങുകയറ്റവും നേരിട്ട് കണ്ട കമ്മീഷൻ ചെയർമാൻ നന്ദകിഷോർ സിങ്ങ് ഗ്രീൻ ആർമി മഹത്തായ പരീക്ഷണമാണെന്ന് അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സൗഹാർദപരവും കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്നതുമായ പ്രവർത്തനങ്ങളാണ് ഗ്രീൻ ആർമിയുടേതെന്നും നവീനമായ ഈ സംരംഭം എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കാവുന്നതാണെന്നും അദ്ധേഹം നിർദേശിച്ചു. കുടുംബശ്രീയുടെ കൊരട്ടിയിലുള്ള ശ്രീ ശൈലം ന്യൂട്രീമിക്സ് യൂണിറ്റിലായിരുന്നു സംഘം ആദ്യ സന്ദർശനം നടത്തിയത്. തുടർന്ന് കോടാലി ഗവ. എൽ.പി. സ്കൂൾ സന്ദർശിച്ച സംഘം സ്കൂളിന്റെ പരിസ്ഥിതി സൗഹാർദ അന്തരീക്ഷത്തെയും നേരിട്ടറിഞ്ഞു. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും മാറി വിദ്യാഭ്യാസം സമഗ്ര ജീവിതാവിഷ്കാരമാകുന്നതെങ്ങനെ എന്നതിന്റെ ഉദാഹരണമാണ് ജൈവ വൈവിധ്യ പാർക്ക് അടക്കമുള്ള സ്കൂളിന്റെ അന്തരീക്ഷം.
കുന്നംകുളം നഗരസഭ ജൈവ വള ഉല്പാദന കേന്ദ്രമാണ് ധനകാര്യ കമ്മീഷൻ സംഘം ഒടുവിൽ സന്ദർശിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് എന്തുചെയ്യാൻ കഴിയും എന്നതിന്റെ തെളിവാണ് ഈ കേന്ദ്രമെന്ന കമ്മീഷൻ ചെയർമാന്റെ അഭിനന്ദനം നഗരസഭയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു.
ധനകാര്യ കമ്മീഷന്‍ അംഗങ്ങളായ ശക്തികാന്തദാസ്, അശോക് ലാഹരി, ഡോ. അനുപ് സിങ്ങ്, രമേഷ് ചന്ദ്, കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി അരവിന്ദ് മെഹ്ത്ത, ജോയ്ന്‍റ് സെക്രട്ടറി മുഹമ്മീദ് സിങ്ങ് ഭാട്ടിയ സാമ്പത്തിക ഉപദേഷ്ടാവ് ആന്‍റണി സിറിയക്, ഡയറക്ടര്‍ ഭരത് ഭൂഷണ്‍ ഗാര്‍ഗ്, ജോയ്ന്‍റ് ഡയറക്ടര്‍ എ.എസ്.പര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ അതിഥി പഥക്, അസി.ഡയറക്ടര്‍മാരായ മഹേഷ്കുമാര്‍, വിജയ് മാന്‍, പ്രമോദ് കുമാര്‍, കണ്‍സള്‍ട്ടന്‍റ് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കുടംബശ്രീ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ജില്ലാ കളക്ടര്‍ ഡോ.എ .കൗശിഗന്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, കുടംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജ്യോതിഷ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. കൊരട്ടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ബാലന്‍ ,വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിസി ജോസ്, വാര്‍ഡ് അംഗം സിന്ധു ജയരാജ്, കോടാലി എല്‍.പി. സ്കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. സുബ്രന്‍ ,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ആര്‍.മല്ലിക, വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബസന്ത്ലാല്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അനൂപ് കിഷോര്‍ ,കുന്നംകുളം നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ തുടങ്ങിയവര്‍ ധനകാര്യ കമ്മീഷനുമായി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.