തൃശൂർ നഗരത്തിലെ നെഹ്റു പാർക്കിലെ മരങ്ങൾക്കിനി സ്വന്തം പേര്. പാർക്കിലെ മുന്നൂറ് മരങ്ങളിൽ പ്രദർശന ബോർഡുകൾ സ്ഥാപിക്കുകയും ഓരോ മരത്തിന്റെയും പേരും ശാസ്ത്രീയ നാമവും രേഖപ്പെടുത്തുകയും ചെയ്യുക വഴി ഓരോ മരത്തെയും സന്ദർശകർക്ക് പരിചയപ്പെടാം. പൊതുജനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർഥികളിൽ വൈവിധ്യമാർന്ന മരങ്ങളെക്കുറിച്ചും അതുവഴി ജൈവവൈവിധ്യത്തെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയുടെയും സംസ്ഥാന മണ്ണുപര്യവേക്ഷണ-മണ്ണു സംരക്ഷണ വകുപ്പിന്റെ സംയുക്ത പദ്ധതിയാണിത്. ത്യശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.പ്രകൃതി മൂലധനത്തിന്‍റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.
പ്രകൃതിയെ സംരക്ഷിച്ചാൽ അവ നമ്മെ തിരിച്ചും സംരക്ഷിക്കും. സാമ്പത്തിക സുരക്ഷ മാത്രം ഉണ്ടായതുകൊണ്ട് വികസനം സാധ്യമാകില്ല. പ്രകൃതിമൂലധനത്തിന്‍റെ സംരക്ഷണത്തോടെയുള്ള വികസനമാകണം നമ്മുടെ ലക്ഷ്യമെന്നും അദ്ധേഹം പറഞ്ഞു. ചടങ്ങില്‍ കോർപറേഷൻ ഡെപ്യൂട്ടി മേയർ ബീന മുരളി അധ്യക്ഷത വഹിച്ചു. വളരൂ എൽഐസിയോടൊപ്പം പദ്ധതിയുടെ ഭാഗമായി തൃശൂർ ഡിവിഷൻ സമ്പാദ്യ പ്രോത്സാഹനമായി ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 50 കുട്ടികൾക്കു സമ്പാദ്യപ്പെട്ടി നൽകുന്നതിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ് വിശിഷ്ടാതിഥിയായി. എൽഐസി സീനിയര്‍ ഡിവിഷൻ മാനേജർ ദീപ ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.ഡി. സിന്ധു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെന്നി ജോസഫ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. എം.കെ. മുകുന്ദൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, കെ. മഹേഷ്, എൽഐസി മാർക്കറ്റിംഗ് മാനേജർ എം. പ്രസന്നൻ, ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ മണികണ്ഠൻ, ഗവ. മോഡൽ ഗേൾസ് സ്കൂൾ പ്രധാനാധ്യാപിക ലതാദേവി തുടങ്ങിയവർ പങ്കെടുത്തു.