പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ഏറ്റെടുക്കാൻ തീരുമാനം

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 2018 ജൂൺ ഒന്നു മുതൽ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സർക്കാർ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് കേരള എന്ന പേരിൽ പുതിയ കമ്പനി രജിസ്റ്റർ ചെയ്ത് ആസ്തികൾ അതിലേക്ക് മാറ്റും. ഇതിനുളള നടപടികൾ പൂർത്തിയാക്കാൻ റിയാബിനെ ചുമതലപ്പെടുത്തി.

കേന്ദ്രസർക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴിൽ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്. ഇതിന്റെ മറ്റൊരു യൂണിറ്റാണ് പാലക്കാട്ടുളളത്. 1993 വരെ കമ്പനി ലാഭത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി കയ്യൊഴിയാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന സർക്കാർ ഇടപ്പെട്ടത്. കമ്പനിയുടെ ആസ്തി ബാധ്യതകൾ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് ആസ്തി നിർണ്ണയിച്ചത്.

ഏഴ് ആധുനിക ഖരമാലിന്യസംസ്‌കരണ പ്ലാന്റുകൾക്ക് അനുമതി

ആധുനിക രീതിയിൽ ഖരമാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾക്കാണ് അനുമതി നൽകുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ശുപാർശകൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതിൽനിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡൽഹി ആസ്ഥാനമായുളള ഐ.ആർ.ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കൺസൾട്ടന്റായി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.

നിസാൻ കമ്പനിയുടെ ഡിജിറ്റൽ ക്യാമ്പസിന് അനുമതി

സംസ്ഥാനത്ത് ജാപ്പാനീസ് കമ്പനിയായ നിസാന്റെ ഡിജിറ്റൽ ക്യാമ്പസ് സ്ഥാപിക്കുന്നതിന് കരാറുണ്ടാക്കുന്നതിന് ടെക്‌നോപാർക്കിന് അനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. വ്യവസ്ഥകൾക്ക് വിധേയമായി ടെക്‌നോപാർക്കിന്റെ മൂന്നാം ഘട്ടമായ യമുന ഐടി കെട്ടിടത്തിൽ സ്ഥലവും ടെക്‌നോ സിറ്റിയിൽ ഭൂമിയും നിസാൻ കമ്പനിക്ക് അനുവദിക്കും.

ഇന്റൽ അടിസ്ഥാനമാക്കിയുളള ലാപ്‌ടോപ്പുകളും സർവറുകളും നിർമ്മിക്കുന്നതിന് രൂപീകരിക്കുന്ന കമ്പനിയുടെ ഓഹരിവിഹിതം നിശ്ചയിച്ചു. കെ.എസ്.ഐ.ഡി.സിക്ക് 23 ശതമാനവും കെൽട്രോണിന് 26 ശതമാനവും ഓഹരിയുണ്ടാകും. യു.എസ്.ടി. ഗ്ലോബലിന് 49 ശതമാനം ഓഹരി നൽകും. ശേഷിക്കുന്ന 2 ശതമാനം ഐടി വകുപ്പ് ശുപാർശ ചെയ്യുന്ന ഹാർഡ് വേർ സ്റ്റാർട്അപ് കമ്പനികൾക്ക് നൽകാനും തീരുമാനിച്ചു.

കാർഷിക കടാശ്വാസം പരിധി നീട്ടി

കാർഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പയുടെ തീയതി ദീർഘിപ്പിക്കാൻ തീരുമാനിച്ചു. വയനാട് ജില്ലയിലെ കർഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാർച്ച് 31 വരെയായിരിക്കും. മറ്റ് പതിമൂന്ന് ജില്ലകളിലേത് 2011 ഒക്‌ടോബർ 31 വരെയായിരിക്കും. ഈ തീയതി വരെ എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കും.

കേരളത്തിൽ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച ബി.എസ്.എഫ് ഇൻസ്‌പെക്ടർ രാം ഗോപാൽ മീണയുടെ അവകാശിക്ക് പത്തു ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ തീരുമാനിച്ചു.

പുതിയ സർക്കാർ കോളേജുകൾ, ഐടിഐകൾ

കാസർകോട് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിൽ പുതിയ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജ് ഈ അധ്യയന വർഷം തുടങ്ങാൻ തീരുമാനിച്ചു. ഇതിനു വേണ്ടി പത്ത് തസ്തികകൾ സൃഷ്ടിക്കും. ബി.എ. ഇക്കണോമിക്‌സ്, ബി.എ. ഇംഗ്ലീഷ്, ബി.കോം എന്നീ കോഴ്‌സുകളാണ് ഈ വർഷം തുടങ്ങുക. പാലക്കാട് ജില്ലയിലെ തോലനൂരിൽ (കുത്തന്നൂർ പഞ്ചായത്ത്) പുതിയ സർക്കാർ ആർട്‌സ് ആന്റ് സയൻസ് കോളേജ് ഈ അധ്യയന വർഷം ആരംഭിക്കും. ബി.എ. ഇംഗ്ലീഷ്, ബി.കോം, ബി.എസ്.സി (ജ്യോഗ്രഫി) എന്നീ കോഴ്‌സുകൾ ഉണ്ടാകും. ഇവിടെയും പത്തു തസ്തികകൾ സൃഷ്ടിക്കും.

കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിൽ പന്ന്യന്നൂരിൽ പുതിയ സർക്കാർ ഐ.ടി.ഐ. ആരംഭിക്കാൻ തീരുമാനിച്ചു. നാല് ട്രേഡുകളുടെ രണ്ടു യൂണിറ്റുകൾ വീതം അനുവദിക്കും. ഇതിനുവേണ്ടി 14 തസ്തികകളാണ് സൃഷ്ടിക്കുന്നത്.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ പുതിയ സർക്കാർ ഐ.ടി.ഐ അനുവദിക്കും. ഇവിടെയും നാല് ട്രേഡുകളുടെ രണ്ടുവീതം യൂണിറ്റുകൾ ഉണ്ടാകും. 14 തസ്തികകൾ സൃഷ്ടിക്കും.

പുതിയ തസ്തികകൾ, ശമ്പളപരിഷ്‌കരണം

ഭാഗ്യക്കുറി വകുപ്പിൽ ജൂനിയർ സൂപ്രണ്ടിന്റെ 15 തസ്തികകളും ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരുടെ 28 തസ്തികകളും സൃഷ്ടിക്കും.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് ടെക്‌നോളജിയിലെ അനധ്യാപക ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കും. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് തുല്യമല്ല ശമ്പളപരിഷ്‌കരണം എന്ന വ്യവസ്ഥയോടെയാണ് തീരുമാനം.

പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാൻ തീരുമാനിച്ചു.

കേരള കലാമണ്ഡലത്തിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

ട്രോളിംഗ് നിരോധനം ജൂൺ 10 മുതൽ

കേരള തീരത്തെ കടലിൽ ജൂൺ ഒമ്പതിനു അർദ്ധ രാത്രി മുതൽ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചു.

ട്രാവൻകൂർ കെച്ചിൻ കെമിക്കൽസ് ലിമിറ്റഡിന് സർക്കാർ വായ്പയായി നൽകിയ 13.72 കോടി രൂപയും പലിശയും അടക്കം 23.58 കോടി രൂപ ഓഹരി മൂലധനമാക്കി മാറ്റുന്നതിനും മന്ത്രിസഭ അനുമതി നൽകി.

സ്ഥലംമാറ്റം

എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടർ ടി. മിത്രയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യ എസ്. അയ്യരെ എം.ജി.എൻ.ആർ.ഇ.ജി.എസ്. മിഷൻ ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.

ഹയർസെക്കന്ററി ഡയറക്ടർ പി. സുരേഷ്ബാബുവിനെ ലീഗൽ മെട്രോളജി വകുപ്പ് കൺട്രോളറായി മാറ്റി നിയമിക്കും.

ലോട്ടറി ഡയറക്ടർ എസ്. ഷാനവാസിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ.യുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും അധിക ചുമതല നൽകാൻ തീരുമാനിച്ചു.

എൻട്രൻസ് കമ്മീഷണർ പി.കെ. സുധീർബാബുവിനെ ഹയർസെക്കന്ററി ഡയറക്ടറായി മാറ്റി നിയമിക്കും. എൻട്രൻസ് കമ്മീഷണറുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒ. പി.കെ. ജയശ്രീയെ കാർഷിക വികസന കർഷക ക്ഷേമവകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു.